കണ്ണൂർ : ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പ് പരീക്ഷാഫലം പുറത്തായ സംഭവത്തിൽ പിഴവ് സർവ്വകലാശാലയുടേതെന്ന് പൈസക്കരി ദേവമാതാ കോളേജ് പ്രിൻസിപ്പൽ ഡോ. എം ജെ മാത്യു. പരീക്ഷാഫലം ഉച്ചയ്ക്ക് രണ്ടരക്ക് പ്രിൻസിപ്പൽമാർക്കുള്ള പോർട്ടലിൽ വന്നു. ഇത് ഡൗൺലോഡ് ചെയ്ത് വിദ്യാർത്ഥികൾക്ക് നൽകിയെന്നാണ് ഡോ. എം ജെ മാത്യുവിൻ്റെ വിശദീകരണം. ടെസ്റ്റാണെന്നും പുറത്തുവിടരുതെന്നും രജിസ്ട്രാർ വിളിച്ചുപറഞ്ഞത് നാല് മണിക്ക്. ഇപ്പോൾ കോളേജിനെ പഴിചാരി പുകമറ സൃഷ്ടിക്കാനാണ് ശ്രമമെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.
ഇന്നലെയാണ് കണ്ണൂർ സർവ്വകലാശാല ഡിഗ്രി ഒന്നാം സെമസ്റ്റർ പരീക്ഷാഫലം തെറ്റായി പുറത്തുവിട്ടത്. പ്രിൻസിപ്പൽമാരുടെ പോർട്ടലിൽ മുൻകൂട്ടി അപ്‌ലോഡ് ചെയ്ത ഫലമാണ് ഔദ്യോഗികമായി പുറത്തു വരുന്നതിന് മണിക്കൂറുകൾക്കു മുൻപേ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചത്. ഇതിന് പിന്നാലെ 6 മണിയോടെയാണ് ഒന്നാം സെമസ്റ്റർ പരീക്ഷാഫലം ഔദ്യോഗികമായി പുറത്തുവന്നത്. ഫലപ്രഖ്യാപനം നടത്തിയത് നേട്ടമായി അവതരിപ്പിച്ച സർവ്വകലാശാലക്ക് വീഴ്ച കല്ലുകടിയായി.
19 ന് വൈകീട്ട് 6 മണിക്ക് ആരംഭിച്ച് രാത്രിയോടെ മുഴുവൻ ഫലങ്ങളും വിദ്യാർത്ഥികൾക്ക് ലഭ്യമാക്കാവുന്ന വിധത്തിലാണ് റിസൽട്ട് ഷെഡ്യൂളിങ്ങ് നടത്തിയത്. എന്നാൽ ഇതിന് കുറച്ച് മുൻപ് ടെസ്റ്റിംഗിന്റെ ഭാഗമായി കോളേജ് പ്രിൻസിപ്പൽമാരുടെ ഔദ്യോഗിക പ്രൊഫൈലിൽ ഫലം ലഭ്യമാക്കിയിരുന്നു. കോളേജ് പ്രിൻസിപ്പലിന്റെ ഔദ്യോഗിക പ്രൊഫൈലിൽ അങ്ങനെയെത്തിയ ഫലമാണ് പുറത്ത് എന്ന പേരിൽ പ്രചരിച്ചതെന്നാണ് സർവ്വകലാശാലയുടെ വിശദീകരണം. ഒരാഴ്ചക്കുള്ളിൽ ഫലപ്രഖ്യാപനം നടത്തിയത് വലിയ നേട്ടമായി അവതരിപ്പിച്ച സർവ്വകലാശാലക്ക് പ്ലാനിംഗിലെ പിഴവ് വിനയായി. സംഭവത്തിൽ വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് വൈസ് ചാൻസിലർ അറിയിച്ചു.