തിരുവനന്തപുരം: ചലച്ചിത്രാസ്വാദനത്തിൻ്റെ വെള്ളിവെളിച്ചം വിതറിയ 8 ദിനരാത്രങ്ങൾ തലസ്ഥാനനഗരിക്ക് സമ്മാനിച്ച 29-ാമത് കേരള രാജ്യാന്ത ചലച്ചിത്രോത്സവത്തിന് തിരശ്ശീല വീണു.13,000ത്തോളം ഡെലിഗേറ്റുകളും വിദേശത്തുനിന്നുള്ളവർ ഉള്‍പ്പെടെ 238 ചലച്ചിത്രപ്രവര്‍ത്തകരും ഭാഗമായ ഐഎഫ്എഫ്കെ 2024 ൻ്റെ സമാപന സമ്മേളനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷനായ ചടങ്ങിൽ വെച്ച് മുഖ്യമന്ത്രി അവാർഡുകൾ സമ്മാനിച്ചു
മികച്ച സിനിമയ്ക്കുള്ള സുവര്‍ണ ചകോരം പെഡ്രെ ഫ്രെയെര്‍ സംവിധാനം ചെയ്ത ‘മലു’ കരസ്ഥമാക്കി. സംവിധായകനും നിര്‍മ്മാതാക്കള്‍ക്കുമായി 20 ലക്ഷം രൂപയും പ്രശസ്തി പത്രവും സുവര്‍ണ്ണ ചകോരത്തിനൊപ്പം സമ്മാനിച്ചു. സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് സംവിധായിക പായല്‍ കപാഡിയയ്ക്കാണ്. അഞ്ച് ലക്ഷം രൂപയും ഫലകവുമാണ് സമ്മാനം.
മികച്ച നവാഗത സംവിധാനത്തിനുള്ള രജത ചകോരം ചിലിയെൻ ചിത്രം ദ് ഹൈപ്പർബോറിയൻസ് സംവിധാനം ചെയ്ത ക്രിസ്റ്റോബൽ ലിയോണിനും ജോക്വിൻ കോസിനും ലഭിച്ചു. സിനിമയുടെ കലാ സംവിധായിക നതാലിയ ഗെയ്‌സാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. മൂന്നു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം. ഹര്‍ഷാദ് ഷാഷ്മിയാണ് മികച്ച സംവിധായകൻ. ചിത്രം മി മറിയം, ദി ചില്‍ഡ്രന്‍ ആന്റ് 26 ഒദേഴ്‌സ്. പോളിങ്ങിലൂടെ തിരഞ്ഞെടുത്ത മികച്ച പ്രേക്ഷക ചിത്രത്തിനുള്ള പുരസ്‌കാരവും ഫാസിൽ മുഹമദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമയ്ക്കാണ്.
നിശാഗാന്ധിയില്‍ നടന്ന സമാപന ചടങ്ങിൽ സുവര്‍ണ ചകോരം നേടിയ പെഡ്രെ ഫ്രെയെറുടെ ‘മലു’ പ്രദര്‍ശിപ്പിച്ചു. വിഖ്യാത ഫ്രഞ്ച് ഛായാഗ്രാഹക ആനിയസ് ഗൊദാര്‍ദ് ആണ് രാജ്യാന്തര മല്‍സര വിഭാഗത്തിന്റെ ജൂറി ചെയര്‍പഴ്‌സൻ. ജോര്‍ജിയന്‍ സംവിധായിക നാനാ ജോജാദ്‌സി, ബൊളീവിയന്‍ സംവിധായകനും തിരക്കഥാകൃത്തുമായ മാര്‍ക്കോസ് ലോയ്‌സ, അര്‍മീനിയന്‍ സംവിധായകനും നടനുമായ മിഖായേല്‍ ഡോവ്‌ലാത്യന്‍, ആസാമീസ് സംവിധായകന്‍ മോഞ്ചുള്‍ ബറുവ എന്നിവരാണ് മറ്റു ജൂറി അംഗങ്ങള്‍.