തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ പരാതി നൽകി ഇന്റലിജന്‍സ് വിഭാഗം മേധാവി പി. വിജയൻ. തനിക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന് അജിത് കുമാർ നൽകിയ മൊഴി കള്ളമാണെന്നാണ് വിജയൻ ഡിജിപിക്ക് സമർപ്പിച്ച പരാതിയിൽ പറയുന്നത്. ഇക്കാര്യത്തിൽ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഡിജിപിക്ക് ലഭിച്ച പരാതി തുടർനടപടികൾക്കായി സർക്കാറിന് കൈമാറി.
പിവി അൻവർ എംഎൽഎ അജിത് കുമാറിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടത്താൻ സർക്കാർ ഡിജിപി എസ്. ദർവേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള അന്വേഷണസമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിക്ക് മുന്നിലാണ് അജിത് കുമാർ പി. വിജയനെതിരേ മൊഴി നൽകിയത്. പി. വിജയന് കരിപ്പൂരിലെ സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് എസ്പി സുജിത് ദാസ് തന്നോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു എഡിജിപിയുടെ മൊഴി. എന്നാൽ, സുജിത് ദാസ് ഇക്കാര്യം നിഷേധിച്ചു.
നേരത്തെ 2023 ൽ, പി വിജയനെ സസ്പെന്‍ഡ് ചെയ്യാൻ ഇടയാക്കിയതും എം.ആര്. അജിത് കുമാർ നൽകിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു. കോഴിക്കോട്ട് ട്രെയിനില്‍ തീവെച്ച സംഭവത്തില്‍ പ്രതിയുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന അന്വേഷണ റിപ്പോർട്ടിലായിരുന്നു സസ്പെൻഷൻ. തുടർ അന്വേഷണത്തിൽ ഉന്നത ഉദ്യോഗസ്ഥർ അജിത് കുമാറിന്റെ റിപ്പോർട്ട് തള്ളിയതോടെയാണ് സി വിജയൻ വീണ്ടും സർവ്വീസിൽ തിരിച്ചെത്തിയത്.