തിരുവനന്തപുരം : യേശുദേവന്‍റെ തിരുപ്പിറവി. ഓർമ്മപുതുക്കി വിശ്വാസികൾ. ദൈവപുത്രന്‍ ഭൂമിയില്‍ അവതരിച്ചതിന്‍റെ സ്മരണ പുതുക്കുന്ന ആഘോഷ ദിനമാണിന്ന്. നക്ഷത്രങ്ങളും ദീപങ്ങളും കൊണ്ട് അലംകൃതമായ ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുര്‍ബാനയും നടന്നു.
ബെത്‍ലഹേമിലെ കാലിത്തൊഴുത്തില്‍ കരുണയുടെയും ശാന്തിയുടെയും ദൂതുമായി ഇനിയേശു പിറന്നതിന്‍റെ ഓര്‍മ പുതുക്കുകയാണ് വിശ്വാസികള്‍. ഓരോ ക്രിസ്തുമസും ‘അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം, ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം എന്ന വചനം ആവര്‍ത്തിക്കുകയാണ് ‘. മുഖ്യമന്ത്രി പിണറായി വിജയൻ ക്രിസ്മസ് ആശംസകൾ നേർന്നു.
തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് കത്തീഡ്രലിൽ കുർബാനക്ക് മലങ്കര കാത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കാര്‍മ്മികത്വം വഹിച്ചു. പിഎംജിയിലെ ലൂര്‍ദ് ഫൊറോന പള്ളിയിൽ നടന്ന കുർബാനക്ക് കര്‍ദ്ദിനാൾ മാർ ജോർജ് കൂവക്കാട്ടിൽ കാര്‍മികത്വം വഹിച്ചു.
പാളയം സെന്റ് ജോസഫ് കത്തീഡ്രൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റൊ പാതിരാ കുർബാനയ്ക്ക് നേതൃത്വം നൽകി.
കൊച്ചി വരാപ്പുഴ അതിരൂപതയിൽ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിന്റെ മുഖ്യകാർമ്മികത്വത്തിലുള്ള ക്രിസ്മസ് പാതിരാ കുർബാന നടന്നു.
കാലടി ശ്രീരാമകൃഷ്ണ അദ്വൈത ആശ്രമം വ്യത്യസ്തമായ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. യേശുദേവന്റെ ചിത്രം വച്ചായിരുന്നു ആശ്രമത്തിലെ ആരതി ചടങ്ങുകൾ. ആശ്രമത്തിലെത്തിയ കരോൾ സംഘത്തിന് സ്വീകരണവും നൽകി.