അസ്താന : ബുധനാഴ്ച കസാഖിസ്ഥാനിലെ അക്തൗ വിമാനത്താവളത്തിന് സമീപം പറന്നുയർന്ന വിമാനം അടിയന്തര ലാൻഡിംഗിനിടെ തകർന്ന് വീണ് 39 പേർ മരിച്ചു. അസർബൈജാൻ എയർലൈൻസിൻ്റെ ബാക്കുവിൽ നിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പോകുകയായിരുന്ന ജെ2-8243 വിമാനമാണ് തകർന്ന് വീണത്. 62 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
വിമാനത്തിലുണ്ടായിരുന്ന 28 പേർ രക്ഷപ്പെട്ടതായി അധികൃതർ അറിയിച്ചു.
രക്ഷപ്പെട്ടവരിൽ 11ഉം 16 ഉം വയസ്സുള്ള പെൺകുട്ടികളുമുണ്ട്. 39 മരണം സ്ഥിരീകരിച്ചതായി കസാഖ്സ്ഥാൻ മിനിസ്ട്രി ഓഫ് എമർജൻസീസ് അറിയിച്ചു.
കനത്ത മൂടൽ മഞ്ഞ് കാരണം വിമാനം അക്തു വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിട്ടിരുന്നു. അപകടത്തിനു മുൻപ് വിമാനം ലാൻഡ് ചെയ്യാൻ പലതവണ ശ്രമിച്ചിരുന്നു. അഗ്നിഗോളമായി വിമാനം നിലത്തേക്ക് പതിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
വിമാനത്തിൽ പക്ഷിക്കൂട്ടം ഇടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിമാനം തകർന്നതിനു പിന്നാലെ
തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.