കോഴിക്കോട് : ലോക സാഹിത്യത്തിൽ മലയാളത്തിന്റെ മേൽ വിലാസമായിരുന്നു എം.ടി എന്ന രണ്ടക്ഷരം ഇനിയില്ല. എം ടി വാസുദേവൻ നായർക്ക് യാത്രമൊഴി ചൊല്ലി കേരളം. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കരിച്ചു. വെെകിട്ട് മൂന്നരയോടെ വീട്ടിൽ ആരംഭിച്ച അന്ത്യകർമ്മങ്ങൾ 4 മണിക്ക് പൂര്‍ത്തിയായി. അഞ്ച് മണിയോടെ മാവൂർ റോഡിലെ സ്മൃതിപഥത്തിൽ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. കേരള സമൂഹത്തിന്‍റെ നാനാതുറകളില്‍ നിന്നുളളവര്‍ എംടിയുടെ വീടായ സിതാരയിലെത്തി അന്ത്യാജ്ഞലി അര്‍പ്പിച്ചു.
കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു എം.ടിയുടെ വിയോഗം. കിഡ്നിയുടെയും ഹൃദയത്തിൻ്റെയും പ്രവർത്തനം മന്ദഗതിയിലായതോടെ മരണം സംഭവിക്കുകയായിരുന്നു. ഈ മാസം 15 നാണ് അദ്ദേഹത്തെ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എം.ടി. വാസുദേവൻ നായരുടെ മരണത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസം ദുഖാചരണം ആചരിക്കും. ഡിസംബർ 26, 27 തീയ്യതികളിൽ ഔദ്യോഗികമായി ദുഖാചരണം ആചരിക്കുന്നതിൻ്റെ ഭാഗമായി എല്ലാ സർക്കാർ പരിപാടികളും മാറ്റിവെച്ചു. ഇന്ന് ചേരാനിരുന്ന മന്ത്രിസഭായോഗവും മാറ്റിവെച്ചു. മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നഷ്‌ടമായതെന്നും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി അുശോചിച്ചു.