ന്യൂഡൽഹി : ബ്രിട്ടീഷ്-ഇന്ത്യൻ നോവലിസ്റ്റ് സൽമാൻ റുഷ്ദിയുടെ വിവാദ പുസ്തകം ‘ദ സാത്താനിക് വേഴ്‌സ്’ നിരോധിച്ച് 36 വർഷങ്ങൾക്കിപ്പുറം വീണ്ടും ഇന്ത്യയിലെത്തി. 1988 ഒക്ടോബർ 5 ന് രാജീവ് ഗാന്ധി സർക്കാരായിരുന്നു പ്രസ്തുത പുസ്തകം രാജ്യത്ത് നിരോധിച്ചുകൊണ്ട് ഉത്തരവ് ഇറക്കിയത്. ലോകമെമ്പാടുമുള്ള മുസ്ലീം സംഘടനകൾ മതനിന്ദയായി കണക്കാക്കുന്ന ഉള്ളടക്കമുള്ള പുസ്തകത്തിൻ്റെ പരിമിതമായ സ്റ്റോക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദേശീയ തലസ്ഥാനത്തെ ബഹ്‌റിസൺസ് ബുക്ക് സെല്ലേഴ്‌സിലാണ് വിൽപ്പനക്കെത്തിയത്.
“ഞങ്ങൾക്ക് പുസ്തകം ലഭിച്ചിട്ട് കുറച്ച് ദിവസങ്ങളായി, ഇതുവരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിൽപ്പന മികച്ചതാണ്,” ബഹ്‌റിസൺസ് ബുക്ക് സെല്ലേഴ്‌സ് ഉടമ രജനി മൽഹോത്ര പിടിഐയോട് പറഞ്ഞു. 1,999 രൂപ വിലയുള്ള പുസ്തകം ഡൽഹി-എൻസിആറിൽ ബഹ്‌റിസൺസ് ബുക്ക് സെല്ലേഴ്‌സ് സ്റ്റോറുകളിൽ മാത്രമേ ലഭ്യമായിട്ടുള്ളൂ.
റുഷ്ദിയെ ഉദ്ധരിച്ച് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യയുടെ എഡിറ്റർ ഇൻ ചീഫ് മാനസി സുബ്രഹ്മണ്യം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്തതിങ്ങനെ – “ഭാഷ ധൈര്യമാണ്: ഒരു ചിന്തയെ സങ്കൽപ്പിക്കാനും അത് സംസാരിക്കാനും അങ്ങനെ ചെയ്യുന്നതിലൂടെ അത് സത്യമാക്കാനുമുള്ള കഴിവ്.”
36 വർഷത്തെ വിലക്കിന് ശേഷം @SalmanRushdie യുടെ The Satanic Verses ഇന്ത്യയിൽ വിൽക്കാൻ അനുവദിച്ചിരിക്കുന്നു, അത് ന്യൂ ഡൽഹിയിലെ ബഹ്‌റിസൺസ് ബുക്ക്‌സ്റ്റോറിലാണ്. മിഡ്‌ലാൻഡ് ബുക്ക് ഷോപ്പും ഓം ബുക്ക് ഷോപ്പും ഉൾപ്പെടെയുള്ള മറ്റ് പുസ്തകശാലകൾ പുസ്തകം ഇറക്കുമതി ചെയ്യാൻ പദ്ധതിയിട്ടിട്ടില്ല. കഴിഞ്ഞ നവംബറിൽ, രാജീവ് ഗാന്ധി സർക്കാർ നോവൽ നിരോധിച്ചതിനെ ചോദ്യം ചെയ്തുള്ള ഹർജിയിൽ ഡൽഹി ഹൈക്കോടതി നടപടികൾ അവസാനിപ്പിച്ചു. പ്രസക്തമായ വിജ്ഞാപനം ഹാജരാക്കുന്നതിൽ അധികാരികൾ പരാജയപ്പെട്ടതിനാൽ അത് നിലവിലില്ല എന്ന് അനുമാനിക്കണമെന്ന് പറഞ്ഞു. പുസ്തകത്തിൻ്റെ ഇറക്കുമതി നിരോധിച്ചുകൊണ്ട് 1988 ഒക്ടോബർ 5ലെ വിജ്ഞാപനം സമർപ്പിക്കുന്നതിൽ സർക്കാർ അധികാരികൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ഉത്തരവ്.
“മേൽപ്പറഞ്ഞ സാഹചര്യങ്ങളുടെ വെളിച്ചത്തിൽ, അത്തരമൊരു വിജ്ഞാപനം നിലവിലില്ല എന്ന് അനുമാനിക്കുകയല്ലാതെ ഞങ്ങൾക്ക് മറ്റ് മാർഗമില്ല, അതിനാൽ, അതിൻ്റെ സാധുത പരിശോധിച്ച് റിട്ട് പെറ്റീഷൻ ഫലശൂന്യമാണെന്ന് കണക്കാക്കി തീർപ്പാക്കാൻ ഞങ്ങൾക്ക് കഴിയില്ല,” കോടതി പറഞ്ഞു.
ദ സാത്താനിക് വേഴ്‌സ്’ പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെ തന്നെ പുസ്തകം വിവാദത്തിലായി. ഒട്ടേറെ സംഭവവികാസങ്ങളാണ് ഇ തുടർന്ന് ഉടലെടുത്തത്. ഇറാനിയൻ നേതാവ് റുഹോല്ല ഖൊമേനി, റുഷ്ദിയെയും അദ്ദേഹത്തിൻ്റെ പ്രസാധകരെയും കൊല്ലാൻ മുസ്‌ലിംകളോട് ആഹ്വാനം ചെയ്യുന്ന ഫത്‌വ പുറപ്പെടുവിക്കുന്ന സ്ഥിതിവിശേഷം വരെയുണ്ടായി. യുകെയിലും യുഎസിലുമായി ഏകദേശം 10 വർഷത്തോളം റുഷ്ദി ഒളിവിൽ കഴിഞ്ഞു.
1991 ജൂലൈയിൽ നോവലിസ്റ്റിൻ്റെ ജാപ്പനീസ് വിവർത്തകനായ ഹിതോഷി ഇഗരാഷി അദ്ദേഹത്തിൻ്റെ ഓഫീസിൽ കൊല്ലപ്പെട്ടു. 2022 ഓഗസ്റ്റ് 12-ന്, ലെബനീസ്-അമേരിക്കൻ ഹാദി മതർ ഒരു പ്രഭാഷണത്തിനിടെ സ്റ്റേജിൽ വെച്ച് റുഷ്ദിയെ കുത്തുകയും ഒരു കണ്ണിൻ്റെ കാഴ്ച നഷ്ടപ്പെടുത്തുകയും ചെയ്തു.
ഇപ്പോൾ, പുസ്തകം ബഹ്‌റിസൺസിൽ വാങ്ങാൻ ലഭ്യമാണെങ്കിലും, വായനക്കാരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. പുസ്തകത്തിൻ്റെ വില തന്നെയാണ് പലരെയും അകന്ന് നിൽക്കാൻ പ്രേരിപ്പിക്കുന്നത്. പുസ്തകത്തിൻ്റെ ഫിസിക്കൽ കോപ്പി വേണമെന്ന് എപ്പോഴും ആഗ്രഹിക്കുന്ന സാങ്കേതിക സംരംഭകനായ ബാല സുന്ദരേശൻ വില കേട്ട് ഞെട്ടി. “പുസ്‌തകത്തിൻ്റെ ഇന്ത്യൻ പ്രിൻ്റ് ലഭ്യമാകുന്നത് വരെ കുറച്ച് സമയം കൂടി കാത്തിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പതിറ്റാണ്ടുകളായി അതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ കാരണം മാത്രമാണ് എനിക്ക് അതിൽ താൽപ്പര്യമുണ്ടായത്, (ഞാൻ) ശരിക്കും ഒരു റുഷ്ദി ആരാധകനല്ല,” 33-കാരനായ – അദ്ദേഹം പറഞ്ഞു.
വിവാദങ്ങൾ കാരണം ഇത് വായിക്കാൻ ആഗ്രഹിച്ചവർ പലരും ഇതിനകം സോഫ്റ്റ് കോപ്പി ഡൗൺലോഡ് ചെയ്ത് വായിച്ചു. ഇതിനിടയിലും സാഹിത്യ വിദ്യാർത്ഥിയായ രശ്മി ചാറ്റർജിയെപ്പോലുള്ള ചിലർ പുസ്തകത്തിൻ്റെ കോപ്പി വാങ്ങാൻ തയ്യാറായി എത്തി.
“നിങ്ങൾക്ക് പുസ്തകത്തെ അവഗണിക്കാൻ കഴിയില്ല, അതിൻ്റെ സാഹിത്യപരമായ ഗുണത്തെ മാറ്റിനിർത്തുക. സെൻസർഷിപ്പിനെതിരായ ചെറുത്ത് നിൽപ്പിന് മാത്രമായിയെങ്കിലും ഇത് വാങ്ങണം. ഇത് ഇന്ത്യയുടെ സാഹിത്യ ചരിത്രത്തിലെ ഒരു നിർണായക പോയിൻ്റ് അടയാളപ്പെടുത്തുന്നു.” 22 ക രശ്മി ചാറ്റർജി പറഞ്ഞു.