കൊച്ചി: ഉമ തോമസ് എംഎൽഎയ്ക്ക് സംഭവിച്ച അപകടത്തിൽ കേസെടുത്ത് പോലീസ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നൃത്ത പരിപാടി നടത്തിയതിന് സംഘാടകർക്ക് എതിരെയാണ് കേസെടുത്തത്. സ്റ്റേജ് നിർമ്മാണ കരാറുകാർക്കെതിരെയും എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. ഇന്നലെ രാത്രി തന്നെ കമ്മീഷണറുടെ നേതൃത്വത്തിൽ പൊലീസ് അപകടമുണ്ടായ സ്ഥലം പരിശോധിച്ചിരുന്നു. തുടർന്നാണ് എഡിജിപി മനോജ് എബ്രഹാം കൊച്ചി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകിയത്12 അടി ഉയരത്തിലാണ് ഗാലറി ക്രമീകരിച്ചത്. 55 അടി നീളമുള്ള സ്റ്റേജിൽ എട്ടടി വീതിയിലാണ് കസേരകൾ ഇടാൻ സ്ഥലമൊരുക്കിയത്. ദുർബലമായ ക്യൂ ബാരിയേർസ് ഉപയോഗിച്ചായിരുന്നു മുകളിൽ കൈവരിയൊരുക്കിയത്. .
കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ദിവ്യാ ഉണ്ണിയുടെ നേതൃത്വത്തിൽ 12000 ഭരതനാട്യ നർത്തകിമാരെ അണിനിരത്തി ഗിന്നസ് റിക്കാർഡ് ലക്ഷ്യമിട്ടു നടത്തിയ മൃദംഗനാദം പരിപാടിക്കിടെയാണ് ഉമാ തോമസിന് അപകടം സംഭവിക്കുന്നത്. വിഐപി ഗ്യാലറിയിൽ നിന്ന് താഴ്ചയിലേക്ക് വീണ് തലച്ചോറിനും നട്ടെല്ലിനും ശ്വാസകോശത്തിനും ഗുരുതരമായ പരുക്കേറ്റതിനെ തുടർന്ന് കൊച്ചി റെനെ മെഡിറ്റിയിൽ വെൻ്റിലേറ്ററിലാണ്. ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ സംഘത്തെ തന്നെ സർക്കാർ രൂപീകരിച്ചിട്ടുണ്ട്. മൂന്ന് വാരിയെല്ലുകൾക്ക് പൊട്ടലുണ്ട്. ഇതിനെ തുടർന്നാണ് ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചത്. നട്ടെല്ലിനും പരിക്കുണ്ട്.വിദഗ്ദ്ധ ഡോക്ടർമാരുടെ സാനിധ്യത്തിൽ 24 മണിക്കൂർ നിരീക്ഷണത്തിലാണ്.
.