കൊച്ചി : വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ചതിനെതിരെ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ ഹൈക്കോടതിയിൽ. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ സ്ഫോടകവസ്തു നിയമപ്രകാരം വെടിക്കെട്ട് നടത്താൻ സാധിക്കില്ലെന്നു ചൂണ്ടിക്കാട്ടി ജില്ലാ കലക്ടറാണ് അനുമതി നിഷേധിച്ചത്. ചൊവ്വാഴ്ച ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ഹർജി പരിഗണിച്ചേക്കും.
ജനുവരി മൂന്നിന് പാറമേക്കാവിന്റെയും അഞ്ചിന് തിരുവമ്പാടിയുടെയും വേല നടക്കാനിരിക്കെയാണു വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്. പുതിയ നിയമപ്രകാരം ജനങ്ങളുടെ ജീവനും സ്വത്തിനും അപകടകരമല്ലാത്ത വിധം വെടിക്കെട്ട് നടത്തുന്നതിനുള്ള ഭൗതിക സാഹചര്യം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
തൃശൂർ പൂരം വെടിക്കെട്ട് നടത്തുന്ന തേക്കിൻകാട് മൈതാനിയിൽ തന്നെയാണു വേല വെടിക്കെട്ടും നടക്കാറുള്ളത്. വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്ന പുരയും വെടിക്കെട്ട് നടക്കുന്ന സ്ഥലവും തമ്മിൽ 200 മീറ്റര്‍ ദൂരം വേണമെന്നാണു പുതിയ നിയമം പറയുന്നത്. എന്നാൽ തൃശൂരിൽ ഇത് 78 മീറ്റർ മാത്രമാണ്. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ നൽകിയ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷമായിരുന്നു കലക്ടറുടെ തീരുമാനം. എന്നാൽ പരമ്പരാഗതമായ നടത്തപ്പെടുന്നതാണ് ഇതെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.