ഇടുക്കി: മൂന്നാറിലെ സർക്കാർ അതിഥിമന്ദിരത്തോട് ചേർന്ന് വിനോദസഞ്ചാര വകുപ്പ് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജനുവരി നാലിന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും. രാവിലെ 9.30ന് നടക്കുന്ന പരിപാടിയിൽ ദേവികുളം എം.എൽ.എ. അഡ്വ. എ. രാജ അധ്യക്ഷത വഹിക്കും.ഇടുക്കി എം.പി. അഡ്വ. ഡീൻ കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തും.
പുതിയ അക്കോമഡേഷൻ കോംപ്ലക്സിൽ ഒൻപത് ഡീലക്സ് റൂമുകളും ഒരു വിഐപി റൂമും 80 പേരെ പങ്കെടുപ്പിക്കാവുന്ന കോൺഫറൻസ് ഹാളും 40 പേർക്ക് ഇരിക്കാവുന്ന ഡൈനിങ് ഹാളും ഡ്രൈവർമാർക്കായി വിശ്രമമുറികളും അടുക്കളയുമുണ്ട്. രണ്ട് ഭരണാനുമതി ഉത്തരവുകളിലായി നടപ്പാക്കിയ പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ കെട്ടിടത്തിന്റെ സ്ട്രക്ച്ചറൽ വർക്കുകളാണ് ഉൾപ്പെട്ടിരുന്നത്. രണ്ടാം ഘട്ടത്തിലാണ് അക്കോമഡേഷൻ കോംപ്ലക്സിന്റെ അനുബന്ധ പ്രവൃത്തികൾക്കുള്ള അനുമതി ലഭിച്ചത്. ആകെ 6.84 കോടി രൂപ ചെലവിൽ ഹാബിറ്റാറ്റാണ് നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്.
മൂന്നാറിൽ സർക്കാർ വകുപ്പുകളുടെ പരിപാടികളും യോഗങ്ങളും നടത്താൻ സ്വകാര്യഇടങ്ങളെ മാത്രം ആശ്രയിക്കുന്ന സാഹചര്യമാണ് ഒഴിവാക്കപ്പെടുന്നത്. ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്ന പദ്ധതിയുടെ ഉദ്‌ഘാടനവേളയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു , ടൂറിസം സെക്രട്ടറി കെ. ബിജു, ജില്ലാ കളക്ടർ വി വിഗ്നേശ്വരി, ദേവികുളം സബ് കളക്ടർ വി എം ജയകൃഷ്ണൻ ,ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിഷ ദിലീപ് ,മൂന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ രാജ്‌കുമാർ ,ജില്ലാപഞ്ചായത്ത് അംഗം ഭവ്യ കണ്ണൻ ,ബ്ലോക്ക് പഞ്ചായത്ത് അംഗം ജാക്വലിൻ മേരി ,ഗ്രാമപഞ്ചായത്ത് അംഗം റീന മുത്തുകുമാർ , രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.