ന്യൂഡൽഹി : ചൈനയിൽ വ്യാപകമായി പടർന്നുപിടിക്കുന്ന ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്എംപിവി) മറ്റ് രാഷ്ട്രങ്ങളേയും ആശങ്കയിലാക്കുകയാണ്. എച്ച്എംപിവിയെ ഒരു പകർച്ചവ്യാധിയായി ചൈന പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, അജ്ഞാതമായ രോഗാണുക്കളെ കൈകാര്യം ചെയ്യാൻ തങ്ങൾ ഒരു പ്രോട്ടോക്കോൾ സജ്ജീകരിക്കാൻ പോകുകയാണെന്ന് 2024 ഡിസംബറിൽ വെളിപ്പെടുത്തിയിരുന്നു. ചൈനയിൽ റിപ്പോർട്ട് ചെയ്യുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ വർദ്ധനവ് ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്എംപിവി) കാരണമാണെന്ന് പറയപ്പെടുന്നു.
എന്നാൽ, ആശങ്ക വേണ്ടെന്നും ഇന്ത്യയിൽ നിന്ന് ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്എംപിവി) കേസുകളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുമാണ് ഹെൽത്ത് സർവ്വീസസ് ഡയറക്ടർ ജനറൽ ഡോ അതുൽ ഗോയൽ പറയുന്നത്. സാധാരണ ജലദോഷത്തിന് കാരണമാകുന്ന മറ്റ് ശ്വസന വൈറസുകളെപ്പോലെയാണ് എച്ച്എംപിവി വൈറസെന്നും ഡോ.ഗോയൽ പറഞ്ഞു. വൈറസ് കാരണം കുട്ടികൾക്കും പ്രായമായവർക്കും പനി പോലുള്ള ലക്ഷണങ്ങൾ ഉണ്ടാകാം അദ്ദേഹം പറഞ്ഞു. നിങ്ങൾക്ക് ചുമയോ ജലദോഷമോ ഉണ്ടെങ്കിൽ, അണുബാധ പടരാതിരിക്കാൻ മറ്റുള്ളവരുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക തുടങ്ങിയ ശ്വാസകോശ സംബന്ധമായ അണുബാധകൾക്കുള്ള പൊതുവായ മുൻകരുതലുകൾ പാലിക്കാൻ അദ്ദേഹം ആളുകളെ നിർദ്ദേശിച്ചു.ജലദോഷത്തിനും പനിക്കും സ്ഥിരമായി മരുന്ന് കഴിച്ചാൽ മതിയെന്നും നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിസംബറിൽ രാജ്യത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടില്ലെന്ന് ഡോക്ടർ പറഞ്ഞു.
“ശൈത്യകാലത്ത് പൊതുവെ ശ്വാസകോശ സംബന്ധമായ അണുബാധകൾ സാധാരണ കാണാറുണ്ട് , ഇതിനായി ഞങ്ങളുടെ ആശുപത്രികൾ ആവശ്യമായ സപ്ലൈകളും ആവശ്യമായ കിടക്കകളും സഹിതം തയ്യാറാക്കിയിട്ടുണ്ട്,” ഡോ ഗോയൽ പറഞ്ഞു.