നിലമ്പൂര്‍: ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ത്ത കേസില്‍ പി.വി. അന്‍വര്‍ എം.എല്‍.എ. അറസ്റ്റില്‍. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. പൊതുമുതൽ നശിപ്പിക്കല്‍, പോലീസിന്റെ കൃത്യനിര്‍വ്വഹണം തടയല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പി.വി. അന്‍വര്‍ എം.എല്‍.എ. ഉള്‍പ്പെടെ കണ്ടാലറിയുന്ന 11 പേര്‍ക്കെതിരെയാണ് കേസ്. പി.വി. അന്‍വര്‍ ഒന്നാംപ്രതിയാണ്. പോലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചെന്നും എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മാധ്യമങ്ങളോട് സംസാരിക്കുന്നത് വിലക്കിയ പോലീസ് അന്‍വറിനെ വീടിന് പുറത്തേക്ക് കൊണ്ടുപോയി. വീടിന് പുറത്ത് അന്‍വറിന് പിന്തുണയുമായി ഡി.എം.കെ. പ്രവര്‍ത്തകർ തടിച്ചുകൂടി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.
ശനിയാഴ്ച രാത്രി കരുളായി ഉള്‍വനത്തില്‍ മണി എന്ന ആദിവാസിയെ കാട്ടാന അടിച്ചു കൊന്ന സംഭവത്തില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഡി.എം.കെ. പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാര്‍ അടച്ചിട്ട നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ. ഓഫീസിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറി സാധന സാമഗ്രികള്‍ നശിപ്പിച്ചു. ഇതിനെ തുടര്‍ന്ന് പോലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.