ന്യൂഡൽഹി : കനത്ത മൂടൽമഞ്ഞിൽ ദൂരക്കാഴ്ച മറഞ്ഞ് ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ കാറുകളും ബസുകളും ട്രക്കുകളും ഉൾപ്പെടെ 10 വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. രാജസ്ഥാനിലെ അൽവാർ ജില്ലയ്ക്ക് സമീപം ഞായറാഴ്ച രാവിലെയാണ് സംഭവം. ദൂരക്കാഴ്ച ക്രമാതീതമായി കുറഞ്ഞത് കാരണം ഒരു വാഹനത്തിന് പിന്നാലെ തുടരെ വാഹനങ്ങൾ വന്ന് ഇടിക്കുകയായിരുന്നു. അപകടത്തിൽ കോട്‌പുട്ട്‌ലി സ്വദേശി സുഭാഷ് (26) മരിച്ചു. അഞ്ച് പേർ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണെന്ന് പോലീസ് പറഞ്ഞു.
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൻഎച്ച്എഐ) റെസ്ക്യൂ ടീമുകൾ വാഹനാവശിഷ്ടങ്ങൾ നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിക്കാൻ പാടുപ്പെട്ടു. ട്രാഫിക് നിയന്ത്രിക്കുന്നതിനും അപകടകരമായ സാഹചര്യങ്ങളെക്കുറിച്ച് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്നതിനുമായി തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു. തത്സമയ കാലാവസ്ഥാ അപ്‌ഡേറ്റുകളും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും നൽകുന്നതിന് വിവിധ സ്ഥലങ്ങളിൽ ഡിസ്പ്ലേ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. അമിതവേഗത ഒഴിവാക്കുക, സുരക്ഷിതമായ അകലം പാലിക്കുക, ഫോഗ് ലൈറ്റുകൾ ഉപയോഗിക്കുക, അത്യാവശ്യമല്ലാതെ ഇടതൂർന്ന മൂടൽമഞ്ഞ് സമയത്ത് യാത്ര ചെയ്യുന്നത് ഒഴിവാക്കുക തുടങ്ങിയ നിർദ്ദേശങ്ങളും അധികൃതർ നൽകിയിട്ടുണ്ട്.
കനത്ത മൂടൽമഞ്ഞ് കാരണം ദൃശ്യപരത കുറവായതിനാൽ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ എക്‌സ്പ്രസ് വേയിൽ ഇത്തരത്തിൽ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്.