[ Photo Courtesy : ANI/X ]
പട്ന : ബിഹാർ പബ്ലിക് സർവ്വീസ് കമ്മീഷൻ (ബിപിഎസ്‌സി) പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടു നിരാഹാര സമരം നടത്തുന്ന ജാൻ സൂരജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോറിനെ കസ്റ്റഡിയിലെടുത്ത് പട്‌ന പൊലീസ്. തിങ്കളാഴ്ച പുലർച്ചെ പട്‌നയിലെ ഗാന്ധി മൈതാനത്തുനിന്ന് കസ്റ്റഡിയിലെടുത്ത പ്രശാന്ത് കിഷോറിനെ ആംബുലൻസിൽ എയിംസിലേക്കാണ് കൊണ്ടുപോയിരിക്കുന്നത്. അനുയായികളുടെ കടുത്ത എതിർപ്പും വന്ദേമാതരം വിളിയും തുടരുന്നതിനിടെയാണ് പൊലീസ് പ്രശാന്ത് കിഷോറിനെ നിരാഹാര വേദിയിൽ നിന്നും
നീക്കിയത്.
ഗാന്ധി മൈതാനത്തെ നിരാഹാര സമരം നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി പ്രശാന്ത് കിഷോറിനും അദ്ദേഹത്തിന്റെ 150 അനുയായികൾക്കും എതിരെ ജില്ലാ ഭരണകൂടം എഫ്ഐആർ ഫയൽ ചെയ്തിരുന്നു. ബിപിഎസ്‌സി നടത്തിയ സംയോജിത മത്സര പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രശാന്ത് കിഷോർ കഴിഞ്ഞ വ്യാഴാഴ്ച മുതൽ മരണംവരെ നിരാഹാര സമരം തുടങ്ങിയത്.