.
കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിൻ്റെ അറസ്റ്റിൽ പോരാട്ടം അവസാനിപ്പിക്കാനില്ലെന്ന് വ്യക്തമാക്കി നടി ഹണി റോസ്. തന്നെ സമൂഹ മാധ്യമങ്ങൾ വഴി അധിക്ഷേപിച്ച യൂട്യൂബർമാർക്കെതിരെയാണ് നടി ഇപ്പോൾ പരാതി നൽകിയിട്ടുള്ളത്. വീഡിയോകൾക്ക് തൻ്റെ ചിത്രം വെച്ച് ദ്വയാർത്ഥ പ്രയോഗത്തോടെ മോശം തമ്പ്നെയിൽ പോസ്റ്റ് ചെയ്ത 20 യൂട്യൂബ് ചാനലുകളുടെ വിവരങ്ങളും പൊലീസിന് കൈമാറി
(ഹണിറോസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പ് )
അതേസമയം, നടി നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ വ്യവസായി ബോബി ചെമ്മണൂരിന് (സി.ഡി. ബോബി-60) ജാമ്യം ലഭിച്ചില്ല. പ്രതി നല്‍കിയ ജാമ്യാപേക്ഷ തള്ളി എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തെറ്റുചെയ്തിട്ടില്ലെന്നും വ്യാജ ആരോപണമാണ് തനിക്കെതിരേ ഉയര്‍ന്നതെന്നുമുള്ള ബോബിയുടെ വാദം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എ. അഭിരാമി തള്ളി. വിധി കേട്ട ബോബിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. പരിശോധനയ്ക്കുശേഷം വൈകീട്ട് 7.10 ന് കാക്കനാട് ജില്ലാ ജയിലിലെത്തിച്ചു.
നടിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ചെയ്ത കേസിലാണ് അറസ്റ്റ്. ബുധനാഴ്ചയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും തെളിവ് നശിപ്പിക്കുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചു. പ്രതി ഒളിവില്‍പ്പോകാന്‍ സാദ്ധ്യതയുണ്ടെന്നും പ്രോസിക്യൂട്ടർ വാദിച്ചു.
പ്രഥമദൃഷ്ട്യാ പ്രതിക്കെതിരേ കുറ്റം നിലനില്‍ക്കുമെന്ന് കോടതി പറഞ്ഞു. നടിയുടെ അനുമതിയില്ലാതെ അവരെ സ്പര്‍ശിക്കുകയും ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. വളരെയധികം സ്വാധീനമുള്ള ബിസിനസുകാരനാണ് പ്രതിയെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.
നടിക്കുനേരേയുള്ള ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിനുനേരേ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. പണക്കാരനായതിനാല്‍ നിയമം ബാധകമല്ലെന്ന പ്രതിയുടെ കൂസലില്ലായ്മ കോടതി പരിഗണിക്കണമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പരാതിക്കാരിയെ സമൂഹമദ്ധ്യത്തില് അശ്ലീലധ്വനിയോടെ അപമാനിക്കണമെന്ന കുറ്റകരമായ ഉദ്ദേശ്യത്തോടെ പ്രതി പ്രവര്‍ത്തിച്ചു. 2024 ഓഗസ്റ്റ് ഏഴിന് കണ്ണൂര്‍ ആലക്കോട്ടെ ഉദ്ഘാടന ചടങ്ങിലാണ് ആദ്യം അപമാനിച്ചത്. മറ്റൊരുചടങ്ങില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് അശ്ലീല പരാമര്‍ശങ്ങളടങ്ങിയ അഭിമുഖങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു.
സാമൂഹിക മാധ്യമങ്ങളില്‍ അശ്ലീലച്ചുവയുള്ള കമന്റുകള്‍ പ്രചരിക്കുന്നത് വര്‍ദ്ധിച്ചുവരുകയാണ്. പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് സകല സ്ത്രീകള്‍ക്കുമെതിരേ അശ്ലീലകമന്റിടുന്ന മാനസികരോഗികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതായതിനാല്‍ ഈ കേസ് എല്ലാ സ്ത്രീകള്‍ക്കുമെതിരേയുള്ള കുറ്റമായി കാണണമെന്നും പോലീസിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
ഈ റിപ്പോട്ടിൻ്റെ കൂടി അടിസ്ഥാനത്തിൽ നടിക്കെതിരെ അസ്ലീല പരാമർശങ്ങൾ നടത്തിയ യുട്യൂബ് ചാനലുകാരും മറ്റും കടുത്ത നിയമനടപടികൾ നേരിടേണ്ടി വന്നേക്കും.