ശബരിമല : മകരവിളക്കിനായുള്ള മുഴുവൻ സുരക്ഷാക്രമീകരണങ്ങളും പൂർത്തിയായതായി സംസ്ഥാന പൊലീസ് മേധാവി എസ്. ദർവേഷ് സാഹിബ്. മകരജ്യോതി കാണാൻ ഭക്തർ കയറി നിൽക്കാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കും. അനധികൃത വ്യൂ പോയൻറുകൾ അനുവദിക്കില്ലന്നും അദ്ദേഹം പറഞ്ഞു. സന്നിധാനത്തും പമ്പയിലും ഏർപ്പെടുത്തിയ മകരവിളക്ക് ക്രമീകരണം പരിശോധിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഴുതടച്ച സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. മകരവിളക്ക് ദിവസം സന്നിധാനത്ത് 1800, പമ്പയിൽ 800, നിലക്കൽ 700 എന്നിങ്ങനെ പൊലീസുദ്യോഗസ്ഥർ ഡ്യൂട്ടിയിൽ ഉണ്ടാവും. മറ്റു വ്യൂ പോയിന്റുകൾ ഉള്ള ജില്ലകളിലും ക്രമീകരണങ്ങളായി. കോട്ടയം ജില്ലയിൽ 650, ഇടുക്കി 1050 പൊലീസുദ്യോഗസ്ഥരും സുരക്ഷാജോലികൾക്ക് നിയോഗിക്കും. സന്നിധാനത്ത് എഡിജിപി എസ്. ശ്രീജിത്ത്, പമ്പയിൽ റേഞ്ച് ഐജി ശ്യാം സുന്ദർ, നിലയ്ക്കലിൽ ഐജി അജിതാ ബീഗം എന്നിവർ സുരക്ഷാ സംവിധാനങ്ങൾക്ക് നേതൃത്വം നൽകും.
ഭക്തര്‍ക്ക് സന്തോഷപൂർവമായ ദർശനമാണ് പൊലീസ് ആഗ്രഹിക്കുന്നത്. ഹൈക്കോടതി ഇക്കാര്യത്തിൽ സമയോചിതമായ ഇടപെടലുകൾ നടത്തി. മകരജ്യോതി ദർശനത്തിന് എത്രപേർ വന്നാലും സുരക്ഷ ഒരുക്കാൻ പൊലീസ് തയ്യാറാണെന്ന് ഡിജിപി വ്യക്തമാക്കി. എരുമേലി പാത വഴി പ്രത്യേക പാസ് ഇനി ഉണ്ടാകില്ലെന്നും ഡിജിപി അറിയിച്ചു.