തിരുവനന്തപുരം : എം.ആർ.അജിത്കുമാറിനെ ബറ്റാലിയൻ എഡിജിപിയുടെ ചുമതലയിൽ നിന്നു മാറ്റി. പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ്.ശ്രീജിത്തിനു ബറ്റാലിയൻ എഡിജിപിയുടെ പൂർണ ചുമതല നൽകി. വർക്കിങ് അറേഞ്ച്മെന്റ് എന്ന പേരിൽ സംസ്ഥാന പൊലീസ് മേധാവി എസ്.ദർവേഷ് സാഹിബാണു നിർണായക ഉത്തരവിറക്കിയത്. എന്നുവരെയാണു ശ്രീജിത്തിനു ബറ്റാലിയൻ അധികച്ചുമതലയെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. 18 വരെ അജിത് കുമാർ അവധിയിലാണ്. ബുധനാഴ്ച രാവിലെ ബറ്റാലിയൻ ആസ്ഥാനത്തു ശ്രീജിത്ത് ചുമതലയേറ്റു
അജിത് കുമാറിനെതിരായ ത്രിതല അന്വേഷണം പ്രഖ്യാപിച്ചപ്പോൾ തന്നെ സാക്ഷികൾ സ്വാധീനക്കപ്പെടും എന്ന ആശങ്ക മുന്നോട്ട് വെച്ച ഡിജിപി അജിത്തിനെ സേനയ്ക്കു പുറത്തേക്കു മാറ്റണമെന്നു ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അന്ന് അജിത്തിനെ സർക്കാർ ക്രമസമാധാനച്ചുമതലയിൽ നിന്നു മാത്രം മാറ്റി ബറ്റാലിയനിൽ നിലനിർത്തുകയായിരുന്നു.