മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് ബോർഡിൻ്റെ (ബിസിസിഐ) പുതിയ സെക്രട്ടറിയായി മുൻ അസം ക്രിക്കറ്റ് താരം ദേവജിത് സൈകിയ നിയമിതനായി. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ(ICC) ചെയർമാനായി ജയ് ഷാ ചുമതലയേറ്റതിനെ തുടർന്നാണ് പുതിയ സെക്രട്ടറിയെ ബിസിസിഐക്ക് തിരഞ്ഞെടുക്കേണ്ടി വന്നത്. ക്യാപ്റ്റൻ രോഹിത് ശർമയും പരിശീലകൻ ഗൗതം ഗംഭീറും യോഗത്തിൽ പങ്കെടുത്തു.
അസമിൽ നിന്നുള്ള ദേവജിത് സൈകിയ മുൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരമെന്ന നിലയിൽ 1990 നും 1991 നും ഇടയിൽ വിക്കറ്റ് കീപ്പറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശേഷം സൈകിയ നിയമരംഗത്തേക്ക് മാറി. 28-ാം വയസ്സിൽ ഗുവാഹത്തി ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. നിയമജീവിതത്തിന് മുമ്പ്, നോർത്തേൺ ഫ്രോണ്ടിയർ റെയിൽവേയിലും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലും (ആർബിഐ) സ്പോർട്സ് ക്വാട്ടയിലൂടെ ജോലിയും നേടിയിരുന്നു. 2016ൽ അസം മുഖ്യമന്ത്രിയായ ഹേമന്ത ബിശ്വാസർമയുടെ അദ്ധ്യക്ഷതയിൽ അസം ക്രിക്കറ്റ് അസോസിയേഷൻ്റെ (എസിഎ) ആറ് വൈസ് പ്രസിഡൻ്റുമാരിൽ ഒരാളായതോടെയാണ് സൈകിയയുടെ ക്രിക്കറ്റ് ഭരണത്തിലേക്കുള്ള പ്രവേശനം ആരംഭിച്ചത്. പിന്നീട് 2019-ൽ എസിഎ സെക്രട്ടറിയായി, 2022-ൽ ബിസിസിഐ ജോയിൻ്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നതുവരെ അദ്ദേഹം ആ സ്ഥാനം വഹിച്ചു.