ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ട്വൻ്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി ഓപ്പണർ അഭിഷേക് ശര്‍മ കളിക്കുന്ന കാര്യം സംശയത്തിലാണ്. ചെന്നൈയില്‍ പരിശീലനത്തിനിടെ കണങ്കാലിനേറ്റ പരിക്കാണ് അഭിഷേക് ശര്‍മ ഇറങ്ങാനുള്ള സാദ്ധ്യത ഇല്ലാതാക്കുന്നത്.
കൊല്‍ക്കത്തയില്‍ നടന്ന ആദ്യ മത്സരത്തില്‍ 34 പന്തില്‍ 79 റണ്‍സ് നേടിയ അഭിഷേക് ശര്‍മയായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറര്‍. കണങ്കാലിന് പരിക്കേറ്റതുമൂലം ഇന്നലെ അഭിഷേക് പരിശീലനത്തിനിറങ്ങിയിരുന്നില്ല. അഭിഷേക് കളിച്ചില്ലെങ്കില്‍ സഞ്ജു സാംസണൊപ്പം ആരാകും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക എന്നതിൽ തീരുമാനമായിട്ടില്ല.
ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവോ തിലക് വര്‍മയോ സഞ്ജുവിനൊപ്പം ഓപ്പണറായി ഇറങ്ങാനുള്ള സാദ്ധ്യതയാണ് നിലവിലുള്ളത്. വാഷിംഗ്ടൺ സുന്ദറിനെ ഓപ്പണറാക്കിയുള്ള സര്‍പ്രൈസ് നീക്കത്തിനുള്ള സംസാരവും അന്തരീക്ഷത്തിലുണ്ട്. കൊല്‍ക്കത്തയില്‍ കളിക്കാതിരുന്ന പേസര്‍ മുഹമ്മദ് ഷമി ചെന്നൈയില്‍ ടീമിലുണ്ടാവാൻ സാദ്ധ്യതയുണ്ട്. ഷമി പൂര്‍ണമായും ഫിറ്റാണെന്നും ടീം കോംബിനേഷന്‍ കാരണമാണ് കൊല്‍ക്കത്തയില്‍ കളിക്കാതിരുന്നത് എന്നുമാണ് ടീം വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പരമ്പരയിലെ ആദ്യമത്സരത്തില്‍ ഏഴ് വിക്കറ്റിന്‍റെ ആധികാരിക ജയം നേടിയ ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്.