തിരുവനന്തപുരം: മീറ്റർ പ്രവർത്തിപ്പിക്കാതെ സർവ്വീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. . മീറ്റര്‍ പ്രവർത്തിപ്പിക്കാതെ സർവ്വീസ് നടത്തുകയാണെങ്കിൽ യാത്രയ്ക്ക് പണം നല്‍കേണ്ട എന്ന് കാണിക്കുന്ന ‘മീറ്ററിട്ടില്ലെങ്കിൽ യാത്ര സൗജന്യം’ എന്ന സ്റ്റിക്കർ ഓട്ടോറിക്ഷകളില്‍ പതിപ്പിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്‍റെ തീരുമാനം. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ചേർന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിൽ തീരുമാനമെടുത്തു. ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുത്താനാണ് ഗതാഗതവകുപ്പ് ഒരുങ്ങുന്നത്. അതിനനുസരിച്ചുള്ള ഉത്തരവ് ഉടൻ ഇറങ്ങും.
ഓട്ടോറിക്ഷാ തൊഴിലാളികള്‍ അമിതമായി പണം ഈടാക്കുന്നുവെന്നും മീറ്റര്‍ ഇടാതെ ഓടുന്നുവെന്നുമെല്ലാമുള്ള വ്യാപക പരാതികൾ മോട്ടോര്‍ വാഹനവകുപ്പിനും പൊലീസിനും ലഭിച്ചിരുന്നു. ഓട്ടോ തൊഴിലാളി യൂണിയനുകളുമായി ബന്ധപ്പെട്ട് വിളിച്ച യോഗങ്ങളിൽ മോട്ടോർവാഹനവകുപ്പ് അധികൃതർ ഇക്കാര്യം പലതവണ വ്യക്തമാക്കിയതുമാണ്. എന്നിട്ടും പഴയപടിയാണെന്ന വിലയിരുത്തലിലാണ് കർശന നടപടിക്കൊരുങ്ങുന്നത്. എന്നാൽ “മീറ്ററിട്ടില്ലെങ്കിൽ യാത്ര സൗജന്യം’ സ്റ്റിക്കര്‍ പതിക്കാന്‍ ഓട്ടോറിക്ഷാ തൊഴിലാളികളും സംഘടനകളും തയ്യാറാകുമോ എന്നത് കണ്ടറിയണം. ഇതിനൊപ്പം വർദ്ധിച്ചു വരുന്ന ബസ് അപകടങ്ങൾ കുറയ്ക്കുന്നതിനായി വാഹനം ഓടിക്കുമ്പോൾ ഡ്രൈവർമാർ ഉറങ്ങുന്നുണ്ടോയെന്ന് പരിശോധിച്ച് മുന്നറിയിപ്പ് നൽകുന്ന സംവിധാനം ബസുകളിൽ സ്ഥാപിക്കണമെന്ന നിർദ്ദേശവും യോഗം ശുപാർശ ചെയ്തിട്ടുണ്ട്.
ഡ്രൈവർമാരുടെ കൺപോളകൾ അടയുന്നത് തിരിച്ചറിഞ്ഞ് ഇത് പ്രത്യേക ശബ്ദം പുറപ്പെടുവിക്കുമ്പോൾ ഡ്രൈവർ ഉണരുന്ന സംവിധാനമാണിത്. ടെസ്റ്റ് നടക്കുമ്പോൾ ഇവ പരിശോധിച്ച് പ്രവർത്തനം ഉറപ്പാക്കും. ഇതിനൊപ്പം ഗ്ലാസിൽ നിന്നുള്ള റിഫ്ലക്ഷൻ ഒഴിവാക്കാൻ ഡ്രൈവറുടെ സീറ്റിന് പിന്നിൽ കർട്ടൻ സ്ഥാപിക്കണമെന്നും നിർദ്ദേശമുണ്ട്. നേരത്തെ ബസുകളിൽ ഡ്രൈവർ സീറ്റിനും കോ പാസഞ്ചർ സീറ്റിനും സീറ്റ് ബൽറ്റ് നിർബന്ധമാക്കിയിരുന്നെങ്കിലും ഇപ്പോഴും ഇത് പ്രാവർത്തികമാക്കിയിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.