(പ്രതീകാത്മക ചിത്രം.)
ഇടുക്കി : ഇടുക്കി പെരുവന്താനത്ത് കാട്ടാനയുടെ ചവിട്ടേറ്റ് യുവതി മരിച്ചു. നെല്ലിവിള പുത്തന്‍വീട്ടില്‍ സോഫിയ ഇസ്മായില്‍ എന്ന 45കാരിക്കാണ് ദാരുണാന്ത്യം ടിആര്‍ ആന്‍റ് ടി എസ്റ്റേറ്റിലെ ചെന്നാപ്പാറയ്ക്ക് സമീപം കൊമ്പന്‍ പാറയിലാണ് സംഭവം.
തിങ്കളാഴ്ച വൈകിട്ടോടെ വീട്ടിൽ നിന്ന് സമീപത്തെ അരുവിയിലേക്ക് കുളിക്കാൻ പോയതായിരുന്നു സോഫിയ. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാതിരുന്നതിനെ തുടർന്ന് മകൻ നടത്തിയ തെരച്ചിലിലാണ് സോഫിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വനാതിർത്തിയോട് ചേർന്ന സ്ഥലത്താണ് സോഫിയയുടെ കുടുംബം താമസിക്കുന്നത്. പ്രദേശത്ത് നിലവിൽ നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. ജില്ലാ കളക്ടർ സ്ഥലത്ത് എത്താതെ മൃതദേഹം എടുക്കാൻ സമ്മതിക്കില്ലെന്നാണ് നാട്ടുകാർ.. പ്രദേശത്തെ വന്യമൃഗ ശല്യത്തിന് ഉടൻ പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നു.
ശബരിമല വനമേഖലയാണ് സമീപത്തുള്ളത്. കാട്ടാനയുടെ സാന്നിധ്യമുള്ള മേഖലയാണിത്. വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. ആനയെ മാറ്റിയെന്നാണ് വിവരം. ഈ മാസം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് സോഫിയ. ഇടുക്കി മറയൂരിൽ ഫെബ്രുവരി ആറിനുണ്ടായ ആക്രമണത്തിൽ ചമ്പക്കാട് കുടി സ്വദേശി വിമലൻ (57) കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഈ വർഷത്തെ ആദ്യ ആറ് ആഴ്ചക്കുള്ളിൽ ഏഴ് പേരാണ് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത്