ന്യൂഡൽഹി : ബിജെപിക്കുള്ളിലെ ആഭ്യന്തര കലഹം കാരണമാണു ഡൽഹിയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വൈകുന്നതെന്ന ആരോപണവുമായി ആം ആദ്മി പാർട്ടി. മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും കാര്യത്തിൽ തീരുമാനമാകാത്തതിനാൽ ഡൽഹിയിലെ ഭരണപരമായ കാര്യങ്ങളിൽ തീരുമാനങ്ങളെടുക്കാൻ വൈകുകയാണെന്നും എഎപി മുഖ്യ വക്താവ് പ്രിയങ്ക കാക്കർ പറഞ്ഞു.
വൈദ്യുതി തടസ്സം കാരണം ഒട്ടുമിക്ക മേഖലയിലും ജനങ്ങൾ ദുരിതത്തിലാണ്. ബിജെപിയുടെ ആഭ്യന്തര കലഹങ്ങളുടെ പേരിൽ ഡൽഹിയിലെ ജനങ്ങൾ ബുദ്ധിമുട്ടുകൾ സഹിക്കേണ്ട കാര്യമില്ല. തിരഞ്ഞെടുപ്പിന് ശേഷവും എഎപി കൺവീനർ അരവിന്ദ് കേജ്രിവാൾ സജീവമായി ജനങ്ങൾക്കിടയിലുണ്ട്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർത്ഥികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രവർത്തനങ്ങളിലെ പോരായ്മ വിലയിരുത്തി കൂടുതൽ മെച്ചപ്പെടുത്തി മുന്നോട്ടു നീങ്ങാനുള്ള ശ്രമങ്ങളാണ് പാർട്ടിക്കുള്ളിൽ നടക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.