ഇഡി ചമഞ്ഞ് കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ കൊടുങ്ങല്ലൂരിലെ എഎസ്ഐയെ പിടികൂടി കര്‍ണാടക പോലീസ്. എഎസ്ഐ ഷെഫീർ ബാബുവിനെയാണ് കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തത്. 4 കോടി രൂപ തട്ടിയെന്നാണ് കേസ്. ഇ.ഡി ഉദ്യോഗസ്ഥരായി ചമഞ്ഞ് ദക്ഷിണ കര്‍ണാടകയിലെ ഒരു വീട്ടിലെത്തി വ്യാജ പരിശോധന നടത്തി വീട്ടിലുണ്ടായിരുന്ന മൂന്നരക്കോടി രൂപയോളം തട്ടിയെടുക്കുകയായിരുന്നു. സംഘം പരിശോധന നടത്തി പോയതിനുശേഷമാണ് തട്ടിപ്പിനിരയായതായി വീട്ടുകാര്‍ തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കി.
ദക്ഷിണ കര്‍ണാടക പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണം ചെന്നെത്തിയത് ഇരിങ്ങാലക്കുട പോലീസ് ക്വാട്ടേഴ്‌സില്‍ ഷഫീര്‍ ബാബുവിലായിരുന്നു. ഫഷീര്‍ ബാബുവിന്റെ അറസ്റ്റിനു പിന്നാലെ കൂടെയുണ്ടായിരുന്ന ആറുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
സാമ്പത്തിക തിരിമറിക്കേസില്‍ മുമ്പും ഷഫീര്‍ ബാബു ഉള്‍പ്പെട്ടിരുന്നു എന്നാണ് കൊടുങ്ങല്ലൂര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നും അറിയാന്‍ കഴിഞ്ഞ വിവരം. കൂടുതല്‍ തെളിവെടുപ്പിനായി പ്രതികളെ പോലീസ് കര്‍ണാടകയിലേക്ക് കൊണ്ടുപോയി.