കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന ‘ഇൻവെസ്റ്റ് കേരള’നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ വീതം നിക്ഷേപങ്ങൾ പ്രാഖ്യപിച്ച് ലുലു ഗ്രൂപ്പും ദുബൈ ആസ്ഥാനമായ ഷറഫ് ഗ്രൂപ്പും. അഞ്ച് വർഷം കൊണ്ടാണ് 5000 കോടി നിക്ഷേപം ലുലു നടത്തുക. കളമശ്ശേരിയിൽ ഭക്ഷ്യസംസ്ക്കരണ യൂണിറ്റ് നിർമ്മിക്കും. ലുലുവിൻ്റെ ഐടി ടവർ മൂന്ന് മാസത്തിനകം തുടങ്ങും. 25,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് എം എ യൂസഫലി വ്യക്തമാക്കി.

ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷറഫ് ഗ്രൂപ്പ് 5000 കോടി രൂപയുടെ നിക്ഷേപം നടത്താൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചു. തുറമുഖ ലോജിസ്റ്റിക് മേഖലയിലാണ് നിക്ഷേപം നടത്തുകയെന്ന് ഗ്രൂപ്പ് ചെയർമാൻ ഷറഫുദ്ദീൻ ഷറഫ് പറഞ്ഞു. നൂറു ടണ്ണിന് താഴെയുള്ള ബോട്ടുകളുടെ നിർമ്മാണ യൂണിറ്റ് തുടങ്ങുമെന്നാണ് ടാറ്റ ഗ്രൂപ്പിന്റെ പ്രഖ്യാപനം. കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ മലബാർ സിമന്റ്സ് വാടകയ്‌ക്ക് എടുത്ത സ്ഥലത്തായിരിക്കും യൂണിറ്റ്.
അദാനി, ആസ്റ്റർ ഗ്രൂപ്പുകൾ ഇതിനകം വമ്പൻ നിക്ഷേപങ്ങളാണ് പ്രഖ്യാപിച്ചത്. അദാനി ഗ്രൂപ്പ് 30000 കോടിയുടെ നിക്ഷേപം നടത്തും. ഇതില്‍ വിഴിഞ്ഞത്ത് 20,000 കോടിയുടെ അധിക നിക്ഷേപമെത്തും. 5000 കോടിയുടെ ഇ കൊമേഴ്സ് ഹബ് പദ്ധതിയും തുടങ്ങും. തിരുവനന്തപുരം വിമാനത്താവളത്തില്‍ 5000 കോടിയുടെ വികസന വാഗ്ദാനമാണ് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചത്. തെലങ്കാനയിലെ കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് 3000 കോടിയും ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ 850 കോടിയുടെ നിക്ഷേപവും പ്രഖ്യാപിച്ചു.