ബെംഗളൂരു∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷനൽ ബാങ്ക് എന്നിവിടങ്ങളിലെ എല്ലാ ഇടപാടുകളും താൽക്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവിറക്കി കർണാടക സർക്കാർ. ഈ ബാങ്കുകളിലുള്ള സർക്കാർ ഫണ്ടുകളിൽ തിരിമറി ഉണ്ടായെന്ന ആരോപണത്തെ തുടർന്നാണ് നടപടി. കർണാടക ധനവകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവ് എല്ലാ സർക്കാർ വകുപ്പുകൾക്കും കൈമാറിയത്.
കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഈ രണ്ടു ബാങ്കുകളിലുമുള്ള സംസ്ഥാന സർക്കാരിന്റെ എല്ലാ ഇടപാടുകളും അവസാനിപ്പിക്കാനും ഇവിടെ നിക്ഷേപിച്ചിട്ടുള്ള പണം എത്രയും വേഗം പിൻവലിക്കാനുമാണ് നിർദേശം. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, കോർപറേഷനുകൾ, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, മറ്റു സർക്കാർ സ്ഥാനങ്ങൾ എന്നിവയ്ക്കാണ് ഉത്തരവ് ബാധകമാവുക. ഈ ബാങ്കുകളിൽ ഇനി നിക്ഷേപം നടത്തരുതെന്നും അറിയിച്ചിട്ടുണ്ട്.