ധനലക്ഷ്മി ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഒഫീസറുമായി കെ.കെ അജിത് കുമാർ നിയമിതനാവും. ജൂണ്‍ 20 മുതല്‍ മൂന്നുവര്‍ഷക്കാലമാണ് ചുമതല. ബാങ്കിന്റെ ബോര്‍ഡ് ഡയറക്ടര്‍മാരുടെ യോഗം അജിത് കുമാറിന്റെ നിയമനത്തിന് അംഗീകാരം നല്‍കി.
ഫെഡറല്‍ ബാങ്കിന്റെ പ്രസിഡന്റും ചീഫ് എച്ച്.ആര്‍ ഓഫീസറുമായിരുന്നു കെ.കെ. അജിത് കുമാര്‍. റിസര്‍വ് ബാങ്ക് നേരത്തെ തന്നെ പുതിയ നിയമനത്തിന് അനുമതി നല്‍കിയിരുന്നു. ബാങ്കിംഗ് രംഗത്തെ 36 വര്‍ഷത്തെ പരിചയസമ്പത്തുമായാണ് അജിത് കുമാർ പുതിയ സ്ഥാനമേൽക്കുന്നത്
കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവും കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയില്‍ (കുസാറ്റ്) നിന്ന് എം.ബി.എയും സ്വന്തമാക്കിയ ശേഷമാണ് അജിത് കുമാർ ബാങ്കിംഗ് മേഖലയിലേക്ക് എത്തിയത്.
ഫെഡറല്‍ ബാങ്കില്‍ വായ്പ, എച്ച്.ആര്‍, ബിസിനസ്, ബ്രാഞ്ച് ബാങ്കിംഗ് തുടങ്ങിയ വിഭാഗങ്ങളുടെ ചുമതല വഹിച്ചിരുന്നു. ഫെഡറല്‍ ബാങ്കിന്റെ ഉപസ്ഥാപനമായ ഫെഡറല്‍ ഓപ്പറേഷന്‍സ് ആന്‍ഡ് സര്‍വ്വീസസ് ഡയറക്ടറുമായിരുന്നു അദ്ദേഹം. എച്ച്.ആര്‍ രംഗത്തെ മികവിന് സ്വർണ്ണ മെഡല്‍ അടക്കം നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.