തിരുവനന്തപുരം: കഴിഞ്ഞ കുറെ നാളുകളായി നരച്ച താടിയും കറുത്ത മീശയും മുഖ സൗന്ദര്യമാക്കിയാണ് സുരേഷ് ഗോപി പൊതുയിടങ്ങളിൽ തൻ്റെ സാന്നിദ്ധ്യമറിയിച്ചിരുന്നത്. ഒറ്റക്കൊമ്പൻ എന്ന സിനിമയുടെ ചിത്രീകരണത്തിനുള്ള തയ്യാറെടുപ്പായിരുന്നതുകൊണ്ടാണ് ഇങ്ങനെയൊരു ‘ഗെറ്റപ്പ്’ എന്നാണ് വാർത്തകൾ പുറത്തുവന്നിരുന്നത്.
എന്നാൽ, കഴിഞ്ഞ ദിവസം ‘ക്ലിയിൽ ഷേവ്’ ചെയ്ത ‘ഗെറ്റപ്പി’ൽ സുരേഷ് ഗോപി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം ഒറ്റക്കൊമ്പനെക്കുറിച്ച് ഒരുപാട് അഭ്യൂഹങ്ങളാണ് സൃഷ്ടിച്ചത്.
സുരേഷ് ഗോപിയുടെ സിനിമാഭിനയത്തിന് തത്ക്കാലം കേന്ദ്രാനുമതിയില്ലെന്നും ഒറ്റക്കൊമ്പൻ്റെ ചിത്രീകരണം ആശങ്കയിലാണെന്നുമാണ് പ്രധാന അഭ്യൂഹം. എന്നാൽ,
അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും എസ്.ജി 250 (‘ഒറ്റക്കൊമ്പന്‍’ ) 2025 ല്‍ പ്രദര്‍ശനത്തിനെത്തുമെന്ന് സുരേഷ് ഗോപി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. താടിയെടുത്ത തന്റെ പുതിയ ചിത്രവും ‘മാറ്റത്തിനാണ് മാറ്റമില്ലാത്തത്’ എന്ന അടിക്കുറിപ്പോടെ സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു.
ചലച്ചത്രാഭിനയവുമായി മുന്നോട്ട് പോകുമെന്നും അതിന് കേന്ദ്ര മന്ത്രി പദം തടസ്സമെങ്കില്‍ അതുപേക്ഷിക്കാനാണ് തനിക്ക് താതപര്യമെന്ന തരത്തില്‍ സുരേഷ് ഗോപി മുമ്പ് പ്രതികരണം നടത്തിയിരുന്നു. 22 സിനിമകളില്‍ അഭിനയിക്കാമെന്ന് എറ്റിട്ടുണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടി നല്‍കിയ അപേക്ഷ അമിത് കീറിക്കളഞ്ഞതായി സിനമാ സഹപ്രവര്‍ത്തകരോടെ സുരേഷ് ഗോപി അറിയിച്ചിരുന്നു. കേരളത്തിലെ ബി.ജെ.പി വിജയത്തിന്റെ ചരിത്ര പ്രാധാന്യം കണക്കിലെടുത്ത് കേന്ദ്ര മന്ത്രിസഭയില്‍ സംസ്ഥാനത്തെ പ്രതിനിധീകരിക്കുക എന്ന രാഷ്ട്രീയ ബാധ്യത നിറവേറ്റുന്നുവെങ്കിലും കേന്ദ്ര മന്ത്രിയ്ക്ക് സിനിമാഭിനയത്തിലേക്ക് മടങ്ങാനാണ് ആഗ്രഹം.
വര്‍ഷത്തിലൊരു സിനിമയില്‍ അഭിനയിക്കാന് അനുമതി കിട്ടിയേക്കുമെങ്കിലും കേന്ദ്രമന്ത്രിയ്ക്ക് പ്രതിഫലം വാങ്ങി അഭിനയിക്കാന്‍ കഴിയുമോ എന്നതിലും സംശയമുണ്ടി. കേന്ദ്ര- സംസ്ഥാന മന്ത്രിമാര്‍ക്ക് നിയമപ്രകാരമുള്ള പെരുമാറ്റച്ചട്ടം അനുസരിച്ച് പ്രതിഫലം പറ്റുന്ന മറ്റു ജോലികള്‍ ചെയ്യാനാകില്ലെന്ന് മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ പി.ഡി.ടി ആചാരി ഉള്‍പ്പെടെയുള്ള നിയമവിദ്ഗ്ദ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്. മലയാളമനോരമയോടാണ് പി.ഡി.ടി ആചാരി ഈ അഭിപ്രായം പങ്കു വെച്ചിട്ടുള്ളത്.
എന്നാൽ, കേന്ദ്രമന്ത്രി പദവിയിലിരിക്കവെ സിനിമയില്‍ അഭിനയിക്കാനുള്ള അനുമതി കിട്ടില്ലെന്ന വിലയിരുത്തലുകളെ സുരേഷ് ഗോപി തള്ളി. താരം ഇന്നലെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രം വലിയ ചര്‍ച്ചയായതിന് പിന്നാലെ ഇത് ‘ഒറ്റക്കൊമ്പന്‍’ സിനിമയ്ക്ക് വേണ്ടി തന്നെയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സുരേഷ് ഗോപി ഇപ്പോള്‍. താടിയില്ലാത്ത ചിത്രത്തിന് ശേഷം ഒറ്റക്കൊമ്പന്റെ പുതിയൊരു പോസ്റ്ററും സുരേഷ് ഗോപി പങ്കുവച്ചിട്ടുണ്ട്.
കേന്ദ്രമന്ത്രിയായ ശേഷം സുരേഷ് ഗോപി ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ഒറ്റക്കൊമ്പന്‍. സിനിമയുടെ ചിത്രീകരണം സെപ്റ്റംബറില്‍ ആരംഭിക്കുമെന്ന് താരം മുൻപ് പറഞ്ഞിരുന്നു. എന്നാല്‍ കേന്ദ്രത്തില്‍ നിന്നും അഭിനയിക്കാന്‍ അനുവാദം ലഭിക്കാത്തിനെ തുടര്‍ന്ന് സിനിമ ഇതുവരെയും തുടങ്ങാന്‍ സാധിച്ചിരുന്നില്ല.
മാത്യു തോമസ് സംവിധാനം നിര്‍വഹിക്കുന്ന സിനിമയാണ് ഒറ്റക്കൊമ്പന്‍. 2020ല്‍ പ്രഖ്യാപിച്ച ചിത്രം പിന്നീട് മുടങ്ങിപ്പോയിരുന്നു. ഷാജി കൈലാസിന്റെ പൃഥ്വിരാജ് ചിത്രമായ ‘കടുവ’യുമായി സാമ്യമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ചിത്രം നിയമകുരുക്കില്‍ അകപ്പെട്ടിരുന്നു.
പാലാ, കൊച്ചി, മംഗളൂരു, മലേഷ്യ എന്നീ ലൊക്കേഷനുകളിലായിരിക്കും ചിത്രീകരണം. 25 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ബിജു മേനോന്‍, മുകേഷ്, വിജയരാഘവന്‍, രഞ്ജി പണിക്കര്‍, ജോണി ആന്റണി, സുധി കോപ്പ എന്നിവരും ചിത്രത്തിലുണ്ടാവും. നായികയും വില്ലനും ബോളിവുഡില്‍ നിന്നായിയിരിക്കും. സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം എന്നാണ് അണിയറക്കാര്‍ അവകാശപ്പെടുന്നത്.