ചെന്നൈ: എമ്പുരാന്‍ സിനിമയ്ക്കെതിരെ തമിഴ്നാട്ടിലും പ്രതിഷേധം. അണക്കെട്ടിനെക്കുറിച്ച് പരാമർശിക്കുന്ന ഭാഗങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ടാണ് തമിഴ്നാട്ടിലെ ഒരുവിഭാഗം കര്‍ഷകര്‍ രംഗത്തെത്തിയിട്ടുള്ളത്. സിനിമയില്‍ സാങ്കൽപ്പിക പേരിലുള്ള അണക്കെട്ട് മുല്ലപ്പെരിയാറിനെ ഉദ്ദേശിച്ചുള്ളതാണെന്നും ഇതേക്കുറിച്ചുള്ള സംഭാഷണഭാഗങ്ങള്‍ ഒഴിവാക്കണമെന്നുമാണ് ആവശ്യം. വിഷയത്തിൽ നടപടിയെടുത്തില്ലെങ്കിൽ പ്രതിഷേധം ശക്തിപ്പെടുത്താനാണ് തമിഴ്‌നാട് കര്‍ഷകസംഘടനയുടെ തീരുമാനം.
മുല്ലപ്പെരിയാര്‍ വൈഗൈ ഇറിഗേഷന്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ കോഡിനേറ്റര്‍ ബാലസിംഗവും അണക്കെട്ടു പരാമര്‍ശത്തിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ച് അനാവശ്യമായി പരാമര്‍ശിക്കുന്നതുകൊണ്ട് രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള ബന്ധത്തെയാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ”നെടുമ്പള്ളി ഡാം എന്നാണ് സിനിമയില്‍ പറയുന്നത്. അണക്കെട്ടിന് അപകടമുണ്ടായാല്‍ കേരളം വെള്ളത്തിനടിയിലാകുമെന്നും പറയുന്നു. തടയണകൾ ഉപയോഗശൂന്യമാണെന്നും അണക്കെട്ടിന്റെ ആവശ്യമില്ലെന്നുമുള്ള സംഭാഷണങ്ങള്‍ സിനിമയിലുണ്ട്. ഇവയൊക്കെ മ്യൂട്ട് ചെയ്യണം” – ബാലസിംഗം ആവശ്യപ്പെട്ടു.