മഴ കനത്തു : സംസ്ഥാനത്ത്  ഇന്ന് പൊലിഞ്ഞത് അഞ്ച് ജീവനുകള്‍; എങ്ങും വ്യാപക നാശനഷ്ടങ്ങൾ

Date:

കൊച്ചി: സംസ്ഥാനത്ത് കാലവര്‍ഷം കനത്തു. മിക്കയിടങ്ങളിലും നാശനഷ്ടങ്ങൾ. മഴക്കെടുതിയില്‍ ഇന്ന് അഞ്ച് ജീവനുകള്‍ പൊലിഞ്ഞു. പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങളായ കുട്ടികള്‍ മരിച്ചു. കോഴിക്കോട് കോടഞ്ചേരി ചന്ദ്രന്‍കുന്നേല്‍ നിധിന്‍ (14), എബിന്‍ (10) എന്നിവരാണ് മരിച്ചത്. ഇവര്‍ മീന്‍ പിടിക്കാനിറങ്ങിയ തോട്ടിലേക്കാണ് വൈദ്യുതിലൈന്‍ പൊട്ടിവീണത്. 

കൊച്ചി വടുതല ബോട്ട് ജെട്ടിക്ക് സമീപം യുവാവ് പുഴയില്‍  മുങ്ങിമരിച്ചു. വടുതല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. ഇടുക്കി പാമ്പാടുംപാറയിൽ മരം വീണ് മധ്യപ്രദേശുകാരി മാലതി മരിച്ചു. കൊടുങ്ങല്ലൂരില്‍ വഞ്ചിമ‍റിഞ്ഞ് പ്രദീപ് (55) മരിച്ചു. ഇതോടെ കാലവര്‍ഷക്കെടുതില്‍ ഇന്നലെയും ഇന്നുമായി മരിച്ചവരുടെ എണ്ണം ഒന്‍പതായി

എറണാകുളം കുന്നത്തുനാട്  അകനാട് കരയിൽ  മരം വീണ് വീട് ഭാഗികമായി തകർന്നു. കനത്ത കാറ്റിൽ ഫോർട്ട് കൊച്ചിയിലും എറണാകുളം ജനറൽ ആശുപത്രിക്ക് മുൻപിലും മരം കടപുഴകി വീണു.  ജില്ലയിലെ എടവനക്കാട്, നായരമ്പലം ഭാഗങ്ങളിൽ കടലാക്രമണം രൂക്ഷമായതോടെ വീടുകളിലും റോഡുകളിലും വെള്ളം കയറി.

തൃശൂർ അരിമ്പൂരിൽ കനത്ത മഴയിൽ തെങ്ങ് കടപുഴകി വീണ് വീട് തകർന്നു. വീടിനുള്ളിൽ ഉണ്ടായിരുന്നവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ചെന്ത്രാപ്പിന്നി പപ്പടംനഗറിൽ  മുപ്പതോളം വീടുകൾ വെള്ളത്തിലായി. 
തൃശൂർ ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിൽ മരം വീണതിനെ തുടർന്ന് ഒരു മണിക്കൂറോളം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ആർക്കും പരുക്കില്ല.

ആലപ്പുഴ തകഴിയില്‍ ശക്തമായ മഴയിലും കാറ്റിലും വീട് തകര്‍ന്നുവീണ് അഞ്ചുപേര്‍ക്ക് പരുക്ക്. മലങ്കര, ഭൂതത്താൻകെട്ട് ഡാമുകളിൽ ജലനിരപ്പ് കൂടിയതോടെ ഷട്ടറുകൾ ഉയർത്തി. ഇതുവരെ ആലപ്പുഴ ജില്ലയിൽ മാത്രം 20ലധികം വീടുകളാണ് തകർന്നത്.  തൃക്കുന്നപ്പുഴ, വളഞ്ഞവഴി, പുന്നപ്ര തീരപ്രദേശങ്ങളിൽ  കടലേറ്റം രൂക്ഷമാണ്. 60 വീടുകൾ കടലാക്രമണ ഭീഷണിയിലാണ്.

(മലങ്കര ഡാം തുറന്നു വിട്ടപ്പോൾ)

ഇടുക്കി തൊടുപുഴ കോടിക്കുളത്ത് കാറ്റിൽ ഏക്കർ കണക്കിന് റബർ കൃഷി നശിച്ചു. നിരവധി വൈദ്യുതി പോസ്റ്റുകൾ കടപുഴകി. രാമക്കൽമേട് തോവാളപ്പടിയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ചു തലകീഴായി മറഞ്ഞെങ്കിലും യാത്രക്കാർ പരുക്കില്ലാതെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് ഒടിഞ്ഞതോടെ മേഖലയിലെ വൈദ്യുതി ബന്ധം തകരാറിലായി.

ഭൂതത്താൻകെട്ട് ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയതുകൊണ്ട് പെരിയാറിന്റെ തീരത്തുള്ളവരും ജാഗ്രത പാലിക്കണം. ഉയർന്ന തിരമാല മുന്നറിയിപ്പുള്ളതിനാൽ, മധ്യകേരളത്തിന്റെ തീരദേശങ്ങളിൽ റെഡ്  അലർട്ട് പ്രഖ്യാപിച്ചു

വടക്കന്‍ കേരളത്തില്‍ പെയ്തിറങ്ങിയ ശക്തമായ മഴയിൽപലയിടത്തും നാശനഷ്ടങ്ങളുണ്ടായി.  കക്കയത്ത് കല്ല് വീണ് പെന്‍സ്റ്റോക്ക് പൈപ്പിന്‍റെ റോക്കര്‍ സപ്പോര്‍ട്ടുകള്‍ നാലെണ്ണം തെറിച്ചുപോയി. മലപ്പുറം അരീക്കോട്  മതില്‍ ഇടിഞ്ഞ് വീണ് ഒന്നരമാസം പ്രായമുള്ള കുഞ്ഞിന് പരുക്കേറ്റു. വാലില്ലാപുഴ സ്വദേശികളായ അജിയുടെയും അലീനയുടെയും മകള്‍ അന്‍സയ്ക്കാണ് പരുക്കേറ്റത്. സമീപത്തെ വീടിന്‍റെ മതില്‍ ഇടിഞ്ഞ് കിടപ്പുമുറിയിലേക്ക് വീഴുകയായിരുന്നു. 

വയനാട് ബത്തേരിയില്‍ നടന്നുപോവുന്നതിനിടെ മരക്കൊമ്പ് പൊട്ടിവീണാണ് കേണിച്ചിറ പുരമടത്തില്‍ സുരേഷിന്‍റെ മകള്‍ നമിതയ്ക്ക് പരുക്കേറ്റത്. പടിഞ്ഞാറത്തറ കാപ്പുട്ടിക്കലിലെ വെള്ളം കയറിയ അഞ്ചുവീടുകളിലെ കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. .  നിരവില്‍പുഴയില്‍  കരിമ്പില്‍ ചന്തുവിന്‍റെ 1500 ഓളം വാഴകളും കാറ്റില്‍ നശിച്ചു.

കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് രണ്ട് താത്കാലിക റോഡുകള്‍ ഒലിച്ചുപോയതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. മാടായി ഫെസ്റ്റിന്‍റെ കൂറ്റന്‍ പന്തലും തലശേരിയില്‍ മലബാര്‍ കാന്‍സര്‍ സെന്‍ററിന്‍റെ ഷീറ്റും തകര്‍ന്നുവീണു.

പാലക്കാട് അട്ടപ്പാടി അഗളി സര്‍ക്കാര്‍ ആശുപത്രിക്ക് മുകളില്‍ മരം വീണെങ്കിലും ആര്‍ക്കും പരുക്കില്ല. അട്ടപ്പാടി പാടവയലില്‍ സെന്തിലിന്‍റെ 600 ഓളം വാഴും ഒടിഞ്ഞുവീണു. 

Share post:

Popular

More like this
Related

ഇന്ത്യയിൽ രണ്ട് പുതിയ കോവിഡ് വകഭേദങ്ങൾ കൂടി കണ്ടെത്തി ; അപകട സാദ്ധ്യത നിരീക്ഷിച്ച് ലോകാരോഗ്യ സംഘടന

ന്യൂഡൽഹി : ഇന്ത്യയിൽ കോവിഡ് -19 വ്യാപനം വർദ്ധിക്കുന്നതിനിടെ രണ്ട് പുതിയ...

മഴ : 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മെയ് 26 ന് അവധി

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ...

24 മണിക്കൂറിനകം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും ; നിലമ്പൂര്‍ തിരിച്ചുപിടിക്കുമെന്ന് വി ഡി സതീശന്‍

കൊച്ചി: നിലമ്പൂരില്‍ 24 മണിക്കൂറിനകം യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി...

വെഞ്ഞാറമ്മൂട് കൂട്ടകൊലപാതക കേസ് പ്രതി ജയിലിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചു ; ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ 

തിരുവനന്തപുരം : വെഞ്ഞാറമ്മൂട് കൂട്ടകൊലപാതക കേസിലെ പ്രതി അഫാൻ പൂജപ്പുര ജയിലിൽ...