മുംബൈ : മെഡിക്കൽ കോളേജിൽ മൂന്നാം വർഷ വിദ്യാർത്ഥിനിയെ സഹപാഠികളും അവരുടെ ഒരു സുഹൃത്തും ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിൽ നിന്നാണ് ഈ അതിക്രൂര സംഭവം പുറത്തുവരുന്നത്. സൗഹൃദത്തിന് മേൽ വലവിരിച്ചു കൊണ്ടാണ് സഹപാഠികളായ പ്രതികൾ ഈ കുറ്റകൃത്യത്തിന് തുനിഞ്ഞിരിക്കുന്നത്. പ്രതികൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. എംബിബിഎസിന് കൂടെ പഠിക്കുന്ന വിദ്യാർത്ഥിനിയെ സിനിമ കാണാൻ പോകാനെന്ന വ്യാജേന വിളിച്ച് കൊണ്ടു പോയി വാൻലെസ്വാഡിയിലെ സുഹൃത്തിൻ്റെ മുറിയിൽ വെച്ച് കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. മുറിയിലെത്തിയ ശേഷം വിനയ് വിശ്വേഷ് പാട്ടീൽ (22), സർവഗ്യ സന്തോഷ് ഗെയ്ക്വാദ് (20), തന്മയ് സുകുമാർ പെഡ്നേക്കർ (21) എന്നിവർ ചേർന്ന് ലഹരി കലർത്തിയ തണുത്ത പാനീയവും പിന്നെ മദ്യവും കുടിപ്പിച്ച്
അബോധാവസ്ഥയിലാക്കിയാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. ബോധം വീണ്ടുകിട്ടിയപ്പോൾ അവിടെ നിന്ന് രക്ഷപ്പെട്ട അവൾ നേരെ വിശ്രാംബാഗ് പോലീസ് സ്റ്റേഷനിൽ പോയി സംഭവം അറിയിച്ചു. പോലീസ് ഉടനടി നടപടി സ്വീകരിക്കുകയും ഏതാനും മണിക്കൂറുകൾക്കുള്ളിൽ മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
വിശ്രാംബാഗ് പോലീസ് സ്റ്റേഷൻ ഇൻ-ചാർജ് സുധീർ ഭലേറാവുവിന്റെ നേതൃത്വത്തിലായിരുന്നു നടപടി. അറസ്റ്റിലായ പ്രതികളിൽ വിനയ്, സർവാഗ്യ എന്നിവർ ഇരയുടെ സഹപാഠികളാണെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായി. മൂന്നാം പ്രതി തന്മയ് ഇവരുടെ സുഹൃത്താണ്. മൂന്ന് പ്രതികളെയും കോടതിയിൽ ഹാജരാക്കിയതായും ആറ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടതായും സ്റ്റേഷൻ ഹൗസ് ഓഫീസർ സുധീർ ഭലേറാവു പറഞ്ഞു.