തിരുവനന്തപുരം: പോലീസിനെക്കുറിച്ച് മോശമായ അനുഭവം പലർക്കും പറയാനുണ്ടാവും. ഒപ്പം നല്ല കാര്യങ്ങൾ പറയാനുള്ളവരുമുണ്ടാവും. ലോകത്ത് എവിടെയും എല്ലാ മേഖലയിലും ഉണ്ടാവുമല്ലോ ‘പ്ലസും മൈനസ്സും. ‘ എന്നാൽ ഇവിടെ ടോണി തോമസിന് പറയാനുള്ളത് രസകരമായ ഒരനുഭവ കഥയാണ് – നെതർലാൻ്റ് പോലീസിനെക്കൊണ്ട് കഴിയാത്തത് കേരള പോലിസ് സാധിച്ചെടുത്ത കഥ, അതും ഞൊടിയിടക്കുള്ളിൽ!
രണ്ടിടത്തും നഷ്ടപ്പെട്ട് പോയത് ഐഫോൺ. ടോണി തോമസിൻ്റെ ഐഫോൺ മോഷണം പോയത് കുറച്ച് നാൾ മുൻപ് നെതർലാൻ്റിൽ വെച്ച്, മകൻ്റേതാകട്ടെ നഷ്ടപ്പെട്ടത് തിരുവനന്തപുരത്ത് വെച്ച് നാല് നാൾക്ക് മുൻപ്. പിന്നെ സംഭവിച്ച കാര്യങ്ങൾ ടോണി തോമസ് സമൂഹമാധ്യമത്തിൽ കുറിച്ചിട്ടുണ്ട്. കേരള പോലീസിൻ്റെ മികവിലേയ്ക്കൊരു പൊൻ തൂവലാകുന്നു ഈ കുറിപ്പ്
ടോണി തോമസ് തൻ്റെ ഫെയ്ബുക്കിൻ എഴുതിയതിങ്ങനെ –
എ ടെയിൽ ഓഫ് ടു പോലീസ് ഫോഴ്സസ്
എന്റെ ഐഫോൺ കുറച്ചു നാൾ മുൻപ് നെതെർലണ്ടിൽ വച്ച് മോഷണം പോയി, ഡച്ച് പോലീസുകാർ ശ്രമിച്ചിട്ട് ഒന്നും ചെയ്യാൻ സാധിച്ചില്ല.
എന്റെ മകന്റെ ഐഫോൺ തിരുവനന്തപുരത്തു നിന്നും ഇന്ന് വൈകിട്ട് കളഞ്ഞു പോയി. ഒരാൾ അത് എടുത്തു കൈവശം വച്ച് സ്വന്തം കാര്യങ്ങൾ നോക്കി കറങ്ങി നടന്നു. ഇതിനിടെ മണ്ണന്തല പോലീസ് ടീം, സൈബർഡോം പോലീസ് ടീമിന്റെ സഹായത്തോടെ ആ ഫോൺ ഏകദേശം ഒരു മണിക്കൂർ കൊണ്ട് അന്വേഷിച്ചു കണ്ടെത്തി, പിന്തുടർന്ന്, അത് കൈവശം വച്ച ആളുടെ അടുത്തു നിന്നും വീണ്ടെടുത്തു. ഞാൻ തിരുവനന്തപുരത്ത് ഇല്ലായിരുന്നു, മണ്ണന്തല പോലീസ് മകന്റെ പരാതിയിൽ, അവന്റെ കൂടെ നിന്ന്, അവനെ കൂട്ടി നടന്ന് സഹായിച്ചു.
കേരളാ പോലീസിന്റെ ഇന്വെസ്റ്റിഗേറ്റീവ് മികവും, ആത്മാർത്ഥതയും ലോകത്തിലെ തന്നെ ഒരു പോലീസ് ഫോഴ്‌സിനും പിന്നിലല്ല. യഥാർത്ഥ നമ്പർ 1. റെസ്പെക്ടഫുൾ സല്യൂട്ട്!