‘കീം’ പരീക്ഷാഫലം വൈകും. എന്ത് കൊണ്ട്, എന്ന് വരും?

Date:

തിരുവനന്തപുരം: കേരളാ എൻജിനിയറിങ്, ആർക്കിടെക്റ്റ്, മെഡിക്കൽ പ്രവേശന പരീക്ഷയായ കീം (KEAM 2024) ഫലം വൈകിയേക്കും. പരീക്ഷ കഴിഞ്ഞ് പത്ത് ദിവസത്തിനുള്ളിൽ ഫലം പ്രഖ്യാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും സിബിഎസ്ഇ വിദ്യാർത്ഥികളുടെ ഫലം പ്രവേശന പരീക്ഷാ കമ്മീഷണറേറ്റിന് കൈമാറാത്തതാണ് ഫലപ്രഖ്യാപനം വൈകാൻ കാരണം.

ഇത്തവണ 1,13,447 വിദ്യാർത്ഥികളാണ് കീം പ്രവേശന പരീക്ഷ എഴുതിയത്. ഇതിൽ കാൽലക്ഷത്തോളം കുട്ടികൾ സിബിഎസ്ഇ സിലബസ് പഠിച്ചവരാണ്. പ്രവേശന പരീക്ഷയുടെ മൂല്യനിർണ്ണയം പൂർത്തിയാക്കി കഴിഞ്ഞാലും പ്ലസ്ടു ഫലം കൂടി ലഭിച്ചാൽ മാത്രമേ അന്തിമ റാങ്ക് പട്ടിക പുറത്തിറക്കാൻ സാധിക്കുകയുള്ളൂ. സംസ്ഥാന സിലിബസ്, ഐസിഎസ്ഇ, ഐഎസ്‌സി തുടങ്ങിയ ബോർഡുകൾ പ്ലസ് ടു പരീക്ഷാഫലം കൈമാറിയായെങ്കിലും സിബിഎസ്ഇ ബോർഡ് ഇതുവരെ കീം പരീക്ഷ എഴുതിയ കുട്ടികളുടെ പ്ലസ്ടു ഫലം കൈമാറിയിട്ടില്ല. ഇത് ലഭിക്കാനായി കേരളത്തിൽ നിന്നും നേരത്തെ തന്നെ ബന്ധപ്പെട്ടിരുന്നുവെങ്കിലും മുൻ വർഷത്തെ പോലെ തന്നെ മെല്ലപ്പോക്ക് നയമാണ് സിബിഎസ്ഇ ബോർഡ് തുടരുന്നതെന്നാണ് ആരോപണം. 

പ്രവേശന പരീക്ഷയുടെ മാർക്കും പ്ലസ്ടുവിന് ലഭിച്ച ഫിസിക്സ്, കെമിസ്ട്രി, കണക്ക് എന്നീ വിഷയങ്ങളുടെ മാർക്കും കണക്കാക്കിയാണ് അന്തിമ റാങ്ക് പട്ടിക തയ്യാറാക്കുക. ഇതിനായി പരീക്ഷയുടെ മാർക്ക് ലിസ്റ്റ് അതത് ബോർഡുകൾ കൈമാറേണ്ടതുണ്ട്. ഈ മാർക്കുകൾ ലഭിച്ചാലുടൻ തന്നെ ആദ്യ പട്ടിക  ഓൺലൈനായി പ്രസിദ്ധീകരിക്കും. പരീക്ഷാർത്ഥികൾ ഈ പട്ടിക പരിശോധിച്ച് തങ്ങളുടെ പ്ലസ് ടു മാർക്ക് ശരിയാണെന്ന് ഉറപ്പു വരുത്തി ഓൺലൈനിൽ സ്ഥിരീകരിക്കണം. അതിന് ശേഷം മാത്രമേ അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയുള്ളൂ. 

എല്ലാ പ്ലസ് ടു ഫലങ്ങളും ലഭിച്ചാൽ രണ്ടു ദിവസം കൊണ്ട് ആദ്യ പട്ടിക പ്രസിദ്ധീകരിക്കാൻ കമ്മീഷറേറ്റിന് സാധിക്കും. കീം പരീക്ഷയിൽ കാതലായ മാറ്റങ്ങളോടെയാണ് ഇത്തവണ പരീക്ഷ നടപ്പാക്കിയത്. കഴിഞ്ഞ വർഷം വരെ ഓഫ് ലൈനായി ഒറ്റ ദിവസമായിരുന്നു പരീക്ഷ നടത്തിയിരുന്നത്. ഇത്തവണ ആദ്യമായി ഓൺലൈൻ രീതിയിലാക്കി. മാത്രമല്ല അഞ്ച് ദിവസങ്ങളിലായാണ് പരീക്ഷ നടന്നത്. ഇതിൽ ആകെ ചോദ്യങ്ങളിൽ 21 എണ്ണം റദ്ദാക്കിയിരുന്നു. ജൂൺ അഞ്ചിന് നടന്ന പരീക്ഷയിലെ മൂന്ന് ചോദ്യങ്ങളും ആറിന് നടന്ന പരീക്ഷയിലെ രണ്ടും ഏഴ്, എട്ട് തീയതികളിൽ നടന്ന പരീക്ഷകളിലെ  നാല് വീതം ചോദ്യങ്ങളും ഒൻപതിന് നടന്ന പരീക്ഷയിലെ എട്ട് ചോദ്യങ്ങളുമാണ് റദ്ദാക്കിയത്. ഈ ചോദ്യങ്ങളിൽ പിശക് കണ്ടെത്തിയതിനെ തുടർന്നാണ് ചോദ്യങ്ങൾ റദ്ദാക്കാൻ തീരുമാനിച്ചത്. 

ഓൺലൈനായി പല ദിവസങ്ങളിലായി നടപ്പാക്കിയതിനാലാണ് പരീക്ഷയിൽ റദ്ദാക്കിയ ചോദ്യങ്ങളുടെ എണ്ണം വർദ്ധിച്ചത്. പരീക്ഷാ കമ്മീഷണർ ഓഫീസ് നേതൃത്വത്തിൽ തയ്യാറാക്കിയ ക്വസ്റ്റ്യൻ ബാങ്കിൽ നിന്നുമാണ് പരീക്ഷയ്ക്കുള്ള ചോദ്യങ്ങൾ തിരഞ്ഞെടുക്കുന്നത്. സി -ഡിറ്റിന്റെ സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് പരീക്ഷ നടത്തിയത്. പരീക്ഷയുടെ ഉത്തര സൂചിക നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.

KEAM ഫലം 2024 cee.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാവും. പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾക്ക് അവരുടെ സ്‌കോർ സൈറ്റിൽ പരിശോധിക്കാവുന്നതാണ്. സ്കോർകാർഡ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള ഘട്ടങ്ങളും കഴിഞ്ഞ വർഷത്തെ സ്ഥിതിവിവരക്കണക്കുകളും അറിയാനും കഴിയും.

Share post:

Popular

More like this
Related

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...

പാർലമെൻ്റ് സമ്മേളനം ജനുവരി 31 മുതൽ; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി : പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ...