തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ് കോളജുകളുടെ പഠന നിലവാരവും സാങ്കേതിക സൗകര്യങ്ങളും അളക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു – സാങ്കേതിക സർവ്വകലാശാലയുടെ ഇപ്പോൾ പുറത്തു വന്ന ഫൈനൽ ബി.ടെക് പരീക്ഷഫലം വിരൽ ചുണ്ടുന്നത് ആ വഴിക്കാണ്. കോളജുകളുടെ അക്കാദമിക നിലവാരത്തിൻ്റെ മോശാവസ്ഥയുടെ കണക്കാണ് റിസൾട്ടിൽ പ്രതിഫലിക്കുന്നത്.
മിക്ക എൻജിനീയറിങ്ങ് കോളേജുകളിലും 75 ശതമാനത്തിലേറെ പരാജയമാണെന്നത് ഞെട്ടിക്കുന്ന വാർത്തയായില്ലെങ്കിൽ നമുക്കെന്തിന് പ്രത്യേകം സാങ്കേതിക സർവ്വകലാശാല?! സർവ്വകലാശാലക്ക് കീഴിലുള്ള 128 കോളജുകളിൽ 26 എണ്ണത്തിലും വിജയശതമാനം 25 ശതമാനത്തിൽ താഴെ മാത്രം. ആറ് കോളജുകളുടെ വിജയം 10 ശതമാനത്തിലും താഴെ. ഒരു കോളജ് സമ്പൂർണ്ണ പരാജയം.
ഒമ്പത് കോളജുകളുടെ വിജയം 15 ശതമാനത്തിൽ താഴെയും 17 കോളജുകൾ 20 ശതമാനത്തിൽ താഴെയുമാണെന്നറിയുക. 36 കോളജുകളിലെ വിജയം 30 ശതമാനത്തിൽ താഴെ. 56 കോളജുകളുടെ വിജയം 40 ശതമാനം പോലുമില്ല. 77 കോളജുകൾക്ക് 50 ശതമാനത്തിൽ താഴെ വിദ്യാർത്ഥികളെ മാത്രമാണ് വിജയിപ്പിക്കാനായത്.
സർവ്വകലാശാലയിൽ ഈ വർഷത്തെ മൊത്തം വിജയശതമാനം 53.03 ശതമാനമാണ്. 51 കോളജുകൾ 50 ശതമാനത്തിനു മുകളിൽ വിജയം നേടി. 24 കോളജുകൾക്ക് 60 ശതമാനത്തിനു മുകളിലും 15 കോളജുകൾക്ക് 70 ശതമാനത്തിനു മുകളിലും രണ്ട് കോളജുകൾക്ക്ക്ക് 80 ശതമാനത്തിന് മുകളിലും വിജയം നേടാനായി.
ഇതോടൊപ്പം കഴിഞ്ഞ വർഷത്തെ കണക്കുകൾ കൂടി ചേർത്ത് വായിച്ചോളൂ – ഏഴ് കോളജുകൾക്ക് കഴിഞ്ഞ വർഷം 80 ശതമാനത്തിനു മുകളിൽ ജയമുണ്ടായിരുന്നു. (ഈ വർഷം 2) 14 കോളജുകൾക്ക് 70 ശതമാനത്തിനു മുകളിലും (ഈ വർഷം 15) 26 കോളജുകൾക്ക് 60 ശതമാനത്തിന് മുകളിലും (ഈ വർഷം 24) ജയമുണ്ടായിരുന്നു. ഈ താരതമ്യ പഠനം സാങ്കേതിക വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ ഉള്ളറകളിലേക്ക് അന്വേഷണത്തിൻ്റെ കണ്ണുകളയക്കാൻ സഹായിച്ചാൽ ഉത്തമം. ബാങ്ക് ലോണെടുത്ത് പ്രതീക്ഷയോടെ മക്കളെ എൻജിനീയറാക്കാൻ വിട്ട രക്ഷിതാക്കളുടെ കണ്ണീര് തുടക്കാനായെങ്കിലും!