ചെന്നൈ: ആളുകൾക്ക് നീറ്റ് പരീക്ഷയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും വിദ്യാഭ്യാസം സംസ്ഥാന വിഷയങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും നടനും തമിഴക വെട്രി കഴകം അദ്ധ്യക്ഷനുമായ വിജയ്. നിയമസഭയിൽ പാസാക്കിയ പ്രമേയം പിന്തുണക്കുന്നുവെന്നും പാർട്ടി പരിപാടിക്കിടെ വിജയ് പറഞ്ഞു. സംസ്ഥാനത്ത് നീറ്റ് ക്രമക്കേടിനെതിരെ വ്യാപക പ്രതിഷേധം തുടരുന്നതിനിടെയാണ് വിജയ് ഇക്കാര്യങ്ങൾ പറഞ്ഞത്.
“സംസ്ഥാന സിലബസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് എൻ.സി.ഇ.ആർ.ടി സിലബസ് അനുസരിച്ചുള്ള പരീക്ഷ നടത്തുന്നത് എങ്ങനെ ശരിയാകും? ഗ്രാമപ്രദേശങ്ങളിൽ നിന്ന് ഉൾപ്പെടെ വൈദ്യശാസ്ത്രം പഠിക്കാൻ താൽപര്യപ്പെടുന്നവർക്ക് ഇത് തിരിച്ചടിയാകും. ഇപ്പോൾ നടന്ന ക്രമക്കേടോടെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നീറ്റിലുള്ള വിശ്വാസം നഷ്ടപ്പെട്ടു.
പരീക്ഷ റദ്ദാക്കുകയാണ് ഇതിന് ഉടനെ ചെയ്യാവുന്ന പരിഹാരം. പരീക്ഷയെ എതിർത്തുകൊണ്ട് നിയമസഭയിൽ പാസാക്കിയ പ്രമേയത്തെ പൂർണ്ണമായി പിന്തുണക്കുന്നു. ദീർഘകാല പരിഹാരമെന്ന നിലക്ക് വിദ്യാഭ്യാസത്തെ കൺകറന്റ് ലിസ്റ്റിൽ നിന്ന് സ്റ്റേറ്റ് ലിസ്റ്റിലേക്ക് മാറ്റണം. സമ്മർദ്ദമില്ലാതെ പഠിക്കാൻ വിദ്യാർത്ഥികൾക്ക് കഴിയണം” -വിജയ് പറഞ്ഞു.