മനാമ: ഇന്ത്യൻ സ്കൂൾ പൂർവ്വ വിദ്യാർത്ഥിനി ബി.എസ്സി ഗണിതശാസ്ത്രത്തിൽ രണ്ടാം റാങ്ക് നേടി. ഭാവന ബിജു പിള്ളയാണ് കഴിഞ്ഞ മാർച്ചിൽ കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാല നടത്തിയ ഡിഗ്രി പരീക്ഷയിൽ റാങ്ക് കരസ്ഥമാക്കിയത്.
പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് വിദ്യാർഥിനിയാണ്. ബി.എസ്സിയിൽ രണ്ടാം റാങ്കോടെ 9.73 സി.സി.പി.എ നേടിയാണ് ഈ മിടുക്കി വിജയിച്ചത്. 2019 ൽ ഇന്ത്യൻ സ്കൂളിൽനിന്ന് മികച്ച നിലയിലാണ് ഭാവന പത്താം ക്ലാസ് വിജയിച്ചത്. അന്ന് എല്ലാ വിഷയങ്ങളിലും എ വൺ ഉണ്ടായിരുന്നു. ബിജു ഗോപിനാഥിന്റെയും കവിത ബിജുവിന്റെയും മകളാണ്. 2007ൽ ഇന്ത്യൻ സ്കൂളിൽ എൽ.കെ.ജിയിൽ ചേർന്ന ഭാവന 2019ൽ പത്താം ക്ലാസ് പൂർത്തിയാക്കിയ ശേഷമാണ് നാട്ടിൽ പഠനം തുടർന്നത്.
ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ ഭാവനയുടെ നേട്ടത്തെ അഭിനന്ദിച്ചു.