ചെങ്കൽച്ചുളയുടെ കഥ; ധനൂജകുമാരിയുടെയും

Date:

നിരുപമ എസ്.

ജൈവ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ വസതിയിലെത്തിയ ഹരിത കര്‍മ്മസേനാംഗം ധനൂജ കഥാകൃത്തായ  ഇന്ദുഗോപനെ ആദ്യമായി കാണുമ്പോള്‍ നല്ല മുഖപരിചയം തോന്നി. ലൈബ്രറിയിലോ പുസ്തകശാലയിലെവിടെയോ കണ്ട  ഒരു പുസ്തകത്തിന്റെ മുഖചിത്രം ധനൂജയുടെ ഓര്‍മയിലെത്തി. പരിചയപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ”ധനൂജ കുമാരിയല്ലേ .എനിക്കറിയാം’ എന്ന ഇന്ദു ഗോപന്റെ വാക്കുകള്‍ കേട്ട് ഒരു നിമിഷം ധനൂജ അമ്പരന്നു.

തന്റെ  നോവലായ ‘വിലായത്ത് ബുദ്ധ’യ്‌ക്കൊപ്പം കാലിക്കറ്റ് , കണ്ണൂര്‍ സര്‍വ്വകലാശാലകളിലെ ബി.എ, എം.എ മലയാളം വിദ്യാര്‍ത്ഥികളുടെ സിലബസില്‍ ഉള്‍പ്പെട്ടിട്ടുള്ള ആത്മകഥ എഴുതിയ ധനൂജകുമാരിയാണ് ഹരിതകര്‍മ്മസേനാംഗമായി മുന്നില്‍ നില്‍ക്കുന്നതെന്ന്കഥാകൃത്തിന് അറിയാമായിരുന്നു.

ഒമ്പതാം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള ഒരു സ്ത്രീ തന്റെ സ്വന്തം ജീവിതം പകര്‍ത്തിയെഴുതിയ കുറിപ്പുകള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം പുസ്തകമാവുകയായിരുന്നു.  സാഹിത്യത്തിലെ ആത്മകഥാ വിഭാഗം സിലബസില്‍  സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യവിഷയവുമായിരിക്കുന്നു ഇപ്പോള്‍.  

” ‘ ചെങ്കല്‍ച്ചൂളയിലെ എന്റെ ജീവിതം’ എന്ന എന്റെ ആത്മകഥ വായിച്ചിട്ടുണ്ടെന്നും പുസ്തകം യൂണിവേഴ്‌സിറ്റി സിലബസില്‍ വന്നിട്ടുണ്ടെന്നും അന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ആദ്യം വിശ്വസിക്കാനായില്ല. ‘കാപ്പ’  സിനിമയുടെ തിരക്കഥ എഴുതുന്ന സമയത്ത് ധനൂജയുടെ ആത്മകഥയില്‍ നിന്ന് ഒരുപാട് റഫറന്‍സ് എടുത്തിട്ടുണ്ടെന്നും പറഞ്ഞപ്പോള്‍ ഏറെ സന്തോഷം തോന്നി. ആത്മകഥ സിലബസില്‍ എടുക്കുമെന്ന് ഒരിക്കല്‍പോലും സ്വപ്നം കണ്ടിരുന്നില്ല, ഇന്ന് അതില്‍ ഒരുപാട് അഭിമാനം തോന്നുന്നു”- ധനൂജ പറഞ്ഞു.

''നമുക്ക് വേണ്ടി നമ്മള്‍ ജീവിക്കണം, നമുക്ക് വേണ്ടി നമ്മള്‍ ശബ്ദിച്ചേ പറ്റു. നമ്മള്‍ അര്‍ഹിക്കുന്ന സ്ഥാനം ഒരിക്കലും ജാതിയുടെ മതത്തിന്റെയും കോളനിയുടെയും  പേരില്‍ നിഷേധിക്കപ്പെടരുത് "
'

‘ചേരിയില്‍ വളര്‍ന്ന, ചേരിയില്‍ ജീവിക്കുന്ന ഒരു സ്ത്രീയുടെ  ചെറുത്തുനില്‍പ്പിന്റെയും അതിജീവനത്തിന്റെയും കഥ’  എന്നാണ് ധനൂജകുമാരി.എസിന്റെ ആത്മകഥയ്ക്ക് പ്രസാധകരായ ചിന്ത പബ്ലിഷേഴ്‌സ് നല്‍കുന്ന വിശേഷണം. പഴയ ഹജൂര്‍ക്കച്ചേരിയായിരുന്ന ഇന്നത്തെ സെക്രട്ടറിയേറ്റ് നിര്‍മ്മാണത്തിന് ചെങ്കല്ലെടുത്ത പ്രദേശമാണ് പിന്നീട് ചെങ്കല്‍ച്ചൂളയായി മാറിയതെന്നാണ് നഗരപ്പഴമ പറയുന്ന ചരിത്രം. ഇന്ന് നഗരഹൃദയത്തില്‍  രാജാജി നഗറായി  തലയുയര്‍ത്തി നില്‍ക്കുന്ന ചെങ്കല്‍ച്ചൂളയുടെ കഥ യഥാര്‍ത്ഥത്തില്‍ ധനൂജകുമാരിയുടെ കഥ കൂടിയാണ്. 1200 കുടുംബങ്ങളിലായി  7000 പേരുണ്ട് ഇപ്പോഴിവിടെ. ചെട്ടിവിളാകം വാര്‍ഡിലെ ഹരിതകര്‍മ്മസേനാംഗങ്ങളാണ് ധനൂജകുമാരിയും അമ്മ സാറാമ്മയും. ഭര്‍ത്താവ് കെ.സതീഷ് ചെണ്ടകലാകാരനാണ്. മക്കളായ നിധീഷും സുധീഷും സംഗീതരംഗത്ത് പ്രവര്‍ത്തിക്കുന്നു.

‘ഒമ്പതാം ക്ലാസില്‍ പഠനം നിലച്ചു. മലയാളം എഴുതാനും വായിക്കാനും ഒരുപാട് ഇഷ്ടമാണ്. എന്നാല്‍, എഴുതാനോ വായിക്കാനോ ഉള്ള സാഹചര്യം ഉണ്ടായിരുന്നില്ല. പഠനത്തിന്റെ ഭാഗമായ ഡയറി എഴുത്തായിരുന്നു എഴുത്തിന്റെ തുടക്കം. കോളനിയിലെ പ്രശ്‌നങ്ങള്‍  ചൂണ്ടിക്കാട്ടി പോലീസിന് സ്ഥിരമായി പരാതി എഴുതിത്തയ്യാറാക്കുമായിരുന്നു. തനിക്ക് എഴുതാന്‍ ഒരു പേനയും പുസ്തകമോ ഉണ്ടായിരുന്നില്ല. പഴയ പത്രകട്ടിംഗിന് മുകളിലും മാഗസീനുകളുടെ മുകളിലും ആയിരുന്നു എഴുതിയിരുന്നത് എന്നാല്‍ അതൊന്നും സൂക്ഷിച്ചു വെച്ചത് കൂടിയില്ല. പിന്നീട് 2013ല്‍ ഒരു സാംസ്‌കാരിക പരിപാടിക്കിടയില്‍ ചിന്തയിലെ പി.പി സത്യനെ പരിചയപ്പെട്ടതാണ് ആത്മകഥ എഴുതുന്നതിലേക്ക് നയിച്ചത് ”

തന്റെ ചെങ്കല്‍ചൂളയിലെ ജീവിതം സാധാരണക്കാരന്റെ തന്നെ ഭാഷയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ധനുജ കുമാരി. രാജാജി നഗറിലേക്കുള്ള ചെങ്കല്‍ച്ചൂളയുടെ യാത്രയില്‍ ഇവിടത്തെ ജനങ്ങള്‍ നേരിട്ട നിരവധി വിവചേനങ്ങളുണ്ട്. പുതിയ തലമുറയുടെ സ്വപ്‌നങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കുമൊപ്പം ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടേണ്ടതുണ്ട്. ‘നമ്മള്‍ അര്‍ഹിക്കുന്ന സ്ഥാനം ഒരിക്കലും ജാതിയുടെ മതത്തിന്റെയും കോളനിയുടെയും പേരില്‍ നിഷേധിക്കപ്പെടരുത് ‘ ധനൂജ പറയുന്നു.  

മുമ്പൊരിക്കല്‍ പെറ്റി കേസ് ചുമത്തി പൊലീസ് സ്‌റ്റേഷനിലേക്ക് കൂട്ടികൊണ്ട് പോയ ധനൂജയുടെ ഭര്‍ത്താവ് സതീഷിനെ പോലീസ്  വിവസത്രനാക്കി  സ്‌റ്റേഷനിലിരുത്തി മണിക്കൂറുകളോളം. കോളനിയിലുള്ളവരെല്ലാം ക്രിമിനലുകളാണെന്നായിരുന്നു പോലീസ് ഭാഷ്യം. ജാതീയമായും ശാരീരികമായും അപമാനിച്ചു. അന്ന് തുടങ്ങിയതാണ് ധനൂജയുടെ പോരാട്ടം. ചെങ്കല്‍ ചൂളയില്‍ നിന്ന് അന്നുയര്‍ന്ന  ധനുജ കുമാരിയുടെ വാക്കുകള്‍ ഇന്ന് എത്തിനില്‍ക്കുന്നത് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബിഎ മലയാളം സിലബസിലും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എം എ മലയാളം സിലബസിലുമാണ്.   ‘  ഞാനെഴുതിയത് ഉള്‍പെട്ട സിലബസ് പഠിക്കുന്ന കുട്ടികളെ കാണണമെന്നും പാഠപുസ്തകം കാണണമെന്നും ആഗ്രഹമുണ്ട്.’ – ധനൂജ പറയുന്നു.

മറ്റുള്ളവരുടെ കണ്ണിലുള്ളതല്ല തങ്ങളുടെ ചെങ്കല്‍ച്ചൂള എന്ന് മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാനാണ് ധനൂജ ചെങ്കല്‍ച്ചൂളയെ കുറിച്ചെഴുതി തുടങ്ങിയത്. അവിടെ ജാതി വിവേചനവും പോലീസ് അതിക്രമവും നേരിടാന്‍ ആഗ്രഹിക്കാത്ത ഒരു പുതിയ തലമുറയുണ്ട്. അവരില്‍ പ്രതിഭയുള്ളവരുണ്ട്. അവരുടെ ഉന്നമനത്തിനായി നിരവധി സാമൂഹ്യപ്രവര്‍ത്തനങ്ങളിലും ധനൂജ ഏര്‍പ്പെടുന്നു . സ്ത്രീകള്‍ക്കായി തുടങ്ങിയ  വിങ്‌സ് ഓഫ് വിമന്‍ എന്ന് പേരിലുള്ള  ലൈബ്രറിയാണ് അതിലൊന്ന്

 ‘വിദ്യാഭ്യാസം ആവശ്യമാണ്‌. എന്നാല്‍,  എല്ലാം അറിവില്‍ ഒതുക്കി കളയരുത്‌.  അറിവ് നേടുന്നതിനൊപ്പം മനുഷ്യത്വവും ആര്‍ജ്ജിക്കണം. നമ്മുടെ കണ്ണുകളില്‍ കൂടി കാണാതെ മറ്റുള്ളവരുടെ കണ്ണുകളിലൂടെ നമുക്ക് അവരെ കാണാന്‍ സാധിക്കണം ‘ -യുവജനങ്ങളോട്   ധനൂജയ്ക്ക് പറയാനുള്ളത് ഇതാണ്.

‘നമുക്ക് വേണ്ടി നമ്മള്‍ ജീവിക്കണം, നമുക്ക് വേണ്ടി നമ്മള്‍ ശബ്ദിച്ചേ പറ്റു. നമ്മള്‍ അര്‍ഹിക്കുന്ന സ്ഥാനം ഒരിക്കലും ജാതിയുടെ മതത്തിന്റെയും കോളനിയുടെയും പേരില്‍ നിഷേധിക്കപ്പെടരുത് ‘ – കനല്‍പ്പാതകള്‍ താണ്ടിയ ജീവിതം നല്‍കിയ കരുത്ത് ധനൂജയുടെ വാക്കുകളില്‍.

ചെങ്കല്‍ച്ചൂളയുടെ കഥയുടെ; അല്ല,  തന്റെ ആത്മകഥയുടെ രണ്ടാം ഭാഗമെഴുതാനുള്ള തയ്യാറെടുപ്പിലാണ് ധനൂജ.  

(About the Author : നിരുപമ എസ്. ഇംഗ്ലീഷ് സാഹിത്യം, കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം വിഷയങ്ങളിൽ ബിരുദധാരിയാണ്. ജ്വാല എന്ന തൂലിക നാമത്തിൽ കവിതകളെഴുതുന്നു. LGBTQ+ ആക്ടിവിസ്റ്റ് . ഇപ്പൊൾ ജേണലിസം പിജി ഡിപ്ലോമ വിദ്യാർത്ഥിനി)

Share post:

Popular

More like this
Related

ക്ഷേമ പെൻഷനിൽ കൈയ്യിട്ട് സര്‍ക്കാര്‍ ജീവനക്കാർ; പെൻഷൻ കൈപ്പറ്റിയതായി കണ്ടെത്തിയ 1458 പേരിൽ ഗസറ്റഡ് ഉദ്യോഗസ്ഥരും!

തിരുവനന്തപുരം : സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ പെൻഷൻ തട്ടിപ്പ് നടത്തി സർക്കാർ ജീവനക്കാർ....

സംസ്ഥാനത്ത് വയോജന കമ്മീഷന്‍ രൂപവത്കരിക്കുന്നു –  മന്ത്രി ഡോ. ആർ. ബിന്ദു

തിരുവനന്തപുരം: അവഗണനയും ചൂഷണവും നേരിടുന്ന വയോജനങ്ങളുടെ ഉത്കണ്ഠകൾ പരിഗണിച്ച് അവ പരിഹരിക്കാൻ...

നവീൻ ബാബുവിന്‍റെ മരണം: കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം; സർക്കാരിനോടും സിബിഐയോടും നിലപാട് തേടി

കൊച്ചി: എ‍ഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ കേസ് ഡയറി ഹാജരാക്കാൻ...

ജെയ് ഭട്ടാചാര്യ ഇനി യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടർ; നാമനിർദ്ദേശം ചെയ്ത് ട്രംപ്

വാഷിങ്ടൻ∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടറായി ജെയ് ഭട്ടാചാര്യയെ നാമനിർദ്ദേശം...