കേരള പൊലീസിന്റെ ‘നിലമ്പൂര്‍ സ്‌ക്വാഡ്’

Date:

സനീറ്റ.എസ്.

ചാലിയാറൊഴുകുന്ന, തേക്കിന്‍കാടുകളുടെ പേരും പെരുമയും പേറുന്ന നിലമ്പൂരിനൊരു ഒരു പോലീസ് ബന്ധവുമുണ്ട്. ആസാം റൈഫിള്‍സ് കഴിഞ്ഞാല്‍ ഇന്ത്യയിലെ എറ്റവും പഴയ അര്‍ധ സൈനിക വിഭാഗമായ മലബാര്‍ സ്‌പെഷല്‍ പോലീസിന്റെ ഡിറ്റാച്ച്‌മെന്റ് സെന്റര്‍ ഇവിടെയാണ്. ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളുടെ ചരിത്രമുള്ള മലപ്പുറത്ത് തന്നെയാണ് സ്വാതന്ത്ര്യപോരാട്ടങ്ങളെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ രൂപം നല്‍കിയ മലബാര്‍ സ്‌പെഷല്‍ പോലീസിന്റെ ആസ്ഥാനവും. മലപ്പുറത്തെ ആസ്ഥാന കാര്യാലയത്തിന് പുറമെ നിലമ്പൂരിലും മേല്‍മുറിയിലും രണ്ട് ഡിറ്റാച്ച് മെന്റ് ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നു.

പ്രകൃതിരമണീയമായ നിലമ്പൂരിലെ ഡിറ്റാച്ച്‌മെന്റ് ക്യാമ്പിലേക്കുള്ള യാത്ര എം.എസ്പിയുടെ ചരിത്രത്തിലേക്ക് കൂടിയാണ്. ഏറനാട്ടിലെയും വള്ളുവനാട്ടിലെയും സ്വാതന്ത്യസമര പോരാട്ടങ്ങളെ നേരിടാന്‍ ഇന്ത്യന്‍ ഇന്‍ഫന്ട്രി ബറ്റാലിയന്റെ മാതൃകയില്‍ ബ്രിട്ടീഷുകാര്‍ രൂപം നല്‍കിയതാണ് മലബാര്‍ സ്പഷെല്‍ പോലീസ. മലബാര്‍ ജില്ലാ പോലീസ് സൂപ്രണ്ടായിരുന്ന റിച്ചാര്‍ഡ് ഹിച്ച്‌കോക്ക് 1921 സപ്തംബര്‍ 30 ന് രൂപം നല്‍കിയ എം.എസ്.പി 2021 ല്‍ അതിന്റെ ശതാബ്ദി ആഘോഷിച്ചിരുന്നു. സ്വാതന്ത്ര്യ സമരപ്പോരാളികളുടെ രക്തക്കറ പുരണ്ട എം.എസ്.പി സ്വാതന്ത്ര്യാനന്തരം കേരള പോലീസിന്റെ ആധുനിക മുഖത്തിന്റെ പര്യായമാവുകയായിരുന്നു.

മലപ്പുറത്തെ എം.എസ്.പി കാര്യാലയം

നിലമ്പൂര്‍ തെക്കേഭാഗം വടപുറം പാലം കഴിഞ്ഞ് എം.എസ്.പി ക്യാമ്പിലേക്ക് രണ്ട് കിലോമീറ്റര്‍ താണ്ടണം. ഇവിടേക്ക് കാട്ടിലൂടെയുള്ള യാത്ര മനോഹരമായ കാഴ്ചാനുഭവങ്ങള്‍ സമ്മാനിക്കും. മുളകളുടെ നാട് എന്നര്‍ത്ഥം വരുന്ന ‘നിലമ്പപുരം’ എന്ന പേരില്‍ നിന്നാണ് ‘നിലമ്പൂര്‍’ ഉണ്ടായതെന്ന് പറയപ്പെടുന്നു. ഇന്ന്, നിലമ്പൂരിനെ പ്രശസ്തമാക്കുന്നത് അവിടുത്തെ തേക്കിന്‍ കാടുകളുടെ പെരുമയും ഭൂപ്രകൃതിയുമാണ്. 1927 ല്‍ നിലമ്പൂര്‍ കാടുകളില്‍ നിന്ന് തേക്കിന്‍ തടികള്‍ കയറ്റിക്കൊണ്ടുപോകുവാന്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ചതാണ് 66 കിലോമീറ്റര്‍ നീളമുള്ള ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍ പാത. ഇതുവഴിയുള്ള യാത്ര ഏതൊരു വ്യക്തിക്കും വേറിട്ട അനുഭവമായിരിക്കും നല്‍കുക. കേരളീയ നദികളില്‍, ദൈര്‍ഘ്യത്തില്‍ നാലാം സ്ഥാനത്തുള്ള ചാലിയാറിന്റെ തീരത്തുള്ള പ്രദേശമാണ് നിലമ്പൂര്‍.

നല്ല മഴ ലഭിക്കുന്ന ചാലിയാറിനോടു ചേര്‍ന്നാണ് മലബാര്‍ സ്‌പെഷ്യല്‍ പൊലീസിന്റെ ഡിറ്റാച്‌മെന്റ് ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. സര്‍ക്കാര്‍ ജോലി എന്ന സ്വപ്‌നം സഫലമാക്കാന്‍ പുതിയ പൊലീസ് റിക്രൂട്ടുകളായ 40 കോണ്‍സ്റ്റബിള്‍മാരാണ് ഇവിടേക്ക് ഒന്‍പതു മാസത്തെ പരിശീലനത്തിന് എത്തിയിരിക്കുന്നത്. പരിശീലനത്തിന്റെ 210 പ്രവൃത്തി ദിനങ്ങളില്‍ 50 ദിവസം ഇവര്‍ പിന്നിട്ടിരിക്കുന്നു.കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ച നാള്‍ മുതല്‍ പി. എസ്.സി പരീക്ഷ, ഷോര്‍ട്ട് ലിസ്റ്റ്, കായിക പരിശോധന, മെയിന്‍ ലിസ്റ്റ്, വൈദ്യപരിശോധന എന്നിങ്ങനെ പല കടമ്പകള്‍ കഴിഞ്ഞെത്തിയവര്‍. പരിശീലനത്തിന്റെ ആദ്യ ദിനം തന്നെ എല്ലാവരുടെയും മുടി രണ്ടു മില്ലിമീറ്റര്‍ പോലും നീളമില്ലാതെ മുറിക്കുന്നു. കാഴ്ചയില്‍ എല്ലാവരും ഒരുപോലെ. പെട്ടെന്നു തിരിച്ചറിയാന്‍ തന്നെ പ്രയാസം. ഇവരെല്ലാം പല ജില്ലകളില്‍ വിവിധ ജീവിത സാഹചര്യങ്ങളില്‍ നിന്നു വന്നവര്‍.

എന്നാല്‍, മൂന്നുമാസം കൊണ്ടുതന്നെ പൊലീസ് ക്യാമ്പിലെ ചിട്ടകളനുസരിച്ച് ശാരീരികമായും മാനസികമായും തങ്ങളുടെ കാക്കി എന്ന സ്വപ്നത്തിലേക്ക് തയ്യാറെടുക്കുകയാണ്. പ്രകൃതി സൗന്ദര്യം നിറഞ്ഞുനില്‍ക്കുന്ന, തണുപ്പുള്ള രാവും പകലും സമ്മാനിക്കുന്ന നിലമ്പൂരിലെ പരിശീലനം, ദിവസം കഴിയുന്തോറും ബുദ്ധിമുട്ടുള്ളതായി തീരുന്നു .മനസ്സ് ദൃഢമാക്കുവാനും മാനസിക സമ്മര്‍ദ്ദങ്ങളെ അതിജീവിക്കുവാനും കൂടിയുള്ള പരിശീലനമാണ് ഇവിടെ ലഭിക്കുന്നത്. ശാസ്ത്രീയവും കാലാനുസൃതവുമായ പരിശീലനമാണ് ഇവിടെ. പരിശീലനം നല്‍കുന്ന ഹവില്‍ദാര്‍ ഉള്‍പ്പെടെയുള്ളവര്‍ എങ്ങനെ പരിശീലനം നല്‍കണമെന്നതിന്റെ കേഡര്‍ കോഴ്‌സ് കഴിഞ്ഞവരാണ്. അതിരാവിലെ ആരംഭിക്കുന്ന കായികാഭ്യാസത്തിന് പിന്നാലെ ഐ പി സി , സി ആര്‍ പി സി, അബ്കാരി ആക്ട്, പൊലീസ് ആക്ട് എന്നിവ ഉള്‍പ്പെടുന്ന തിയറി ക്ലാസുകളും ഇതിന്റെ ഭാഗമാണ്. ഇതിനുപുറമേ ഫയറിങ്, സ്വിമ്മിംഗ് കൂടാതെ ഡൈവിങ് പഠനത്തിനും പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിരിക്കുന്നു. ആര്‍ ടി സി അഥവാ റിക്രൂട്ടഡ് ട്രെയിനിങ് കാര്‍ഡ് എന്ന രീതിയാണ് കേരള പൊലീസ് പരിശീലനത്തിനായി പിന്തുടരുന്നത്.

ഈ കഠിന പരിശീലനത്തിനിടയിലും, മറ്റ് പി എസ് സി പരീക്ഷകള്‍ക്കുവേണ്ടി പ്രയത്‌നിക്കുന്നവര്‍ ഏറെയുണ്ട്. അവധി ദിവസങ്ങളിലും റോള്‍ കോളിന് ശേഷവും അതിരാവിലെയും പഠനത്തിനായി ഇവര്‍ സമയം കണ്ടെത്തുന്നു. അവധി കിട്ടുക എന്നത് ദുഷ്‌കരമാണെങ്കില്‍ പോലും പരിശീലനത്തിനിടെ അവധി നിര്‍ബന്ധമായും ലഭിക്കുന്ന ഒരു അവസരം കൂടിയാണ് പി എസ് സി പരീക്ഷ. പരീക്ഷകളുടെ ഹാള്‍ ടിക്കറ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിച്ചാല്‍ ലീവ് ലഭിക്കുന്നതിന് പ്രയാസമില്ല. മുന്‍കാലങ്ങളെ അപേക്ഷിച്ച്, ഇന്ന് ട്രെയിനിങ് രീതികള്‍ മാറിയിട്ടുണ്ട്. ട്രെയിനികളുടെ ആവശ്യങ്ങള്‍ക്കായി പോലീസ് അസോസിയേഷന്‍ ഇടപെടലുകള്‍ നടത്തുന്നുണ്ട്. അതിന്റെ ഭാഗമായി വന്ന മാറ്റങ്ങളില്‍ ഒന്നാണ് ക്യാമ്പുകളില്‍ ഫോണ്‍ ഉപയോഗിക്കാനുള്ള അനുമതി. കൂടാതെ, ഭക്ഷണക്രമത്തിലും കാലക്രമേണ ഒരുപാട് വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കുന്നു. സസ്യേതര ഭക്ഷണങ്ങള്‍ ഉള്‍പ്പെടുന്ന പ്രത്യേക ആഹാരക്രമമാണ് ഇന്ന് പോലീസ് പരിശീലകര്‍ക്കുള്ളത്.

പൊതുജനങ്ങളോടുള്ള പെരുമാറ്റത്തില്‍ തന്നെ കേരള പോലീസിന് മാറ്റങ്ങള്‍ വരുത്താന്‍ കഴിഞ്ഞിട്ടുണ്ട്. ആവശ്യങ്ങളുമായി എത്തുന്ന ഏതൊരു സാധാരണക്കാരനോടും മാന്യമായ സമീപനമാണ് പോലീസ് സ്വീകരിക്കുന്നത്. ഇത് വ്യക്തമാക്കുന്ന രീതിയില്‍ തന്നെയാണ് എം എസ് പി യിലെ ഓരോ ഉദ്യോഗസ്ഥന്റെയും ഇടപെടല്‍. റിക്രൂട്ടഡ് ട്രെയിനിങ് പോലീസ് കോണ്‍സ്റ്റബിള്‍മാരുടെപരിശീലന സിലബസിലും ഇന്ന് ‘ബിഹേവിയറല്‍ ചേഞ്ച്’ എന്ന മോഡ്യൂള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വിദഗ്ധരാണ് തിയറി ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. മാന്യമായും അനുകമ്പയോടെയും പെരുമാറാനാണ് പഠിപ്പിക്കുന്നത്. പൊതുജനങ്ങളോടും സ്ത്രീകളോടും പ്രായമുള്ളവരോടും സ്‌റ്റേഷനില്‍ എത്തുന്നവരോടും എങ്ങനെ പെരുമാറണമെന്നും സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലിംഗ സമത്വം ഉറപ്പാക്കാന്‍, ട്രാന്‍സ്‌ജെന്‍ഡറുകളോട് മാന്യമായ പെരുമാറ്റം ഉണ്ടാകണമെന്നും നിര്‍ദ്ദേശിക്കുന്നു. പെരുമാറ്റം മാന്യമല്ലെങ്കില്‍ സേനയില്‍ നിന്നും പുറത്താക്കുമെന്നും റിക്രൂട്ടുകളെ ബോധവല്‍ക്കരിക്കുന്നു.

കേരള ഫുട്‌ബോള്‍ ടീം

എം.എസ്.പിയുടെ ഫുട്‌ബോള്‍ പെരുമ

കേരള ഫുട്‌ബോളിന്റെ സുവര്‍ണകാലത്ത് ടീമിന്റെ നട്ടെല്ലായിരുന്ന കുരികേശ് മാത്യു, യു.ഷറഫലി, കെ.ടി.ചാക്കോ, ഹബീബ് റഹ്മാന്‍ തുങ്ങിയ കളിക്കാര്‍ എം.എസ്.പിയില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ്. ഇന്ത്യന്‍ ഫുട്‌ബോളിലെ ശ്രദ്ധേയ താരം ഐ.എം.വിജയന്‍ ഇപ്പോഴും എം.എസ്പിയില്‍ അസിസ്റ്റന്റ് കമാന്‍ഡന്റും കേരള പോലീസ് ഫുട്‌ബോള്‍ ടീമിന്റെ ടെക്‌നിക്കല്‍ ഡയറക്ടറുമാണ്.

കേരള പൊലീസിന്റെ ഫുട്‌ബോള്‍ ടീമും നിലമ്പൂരിലാണുളളത്. 22 പേരുള്ള ടീമില്‍ 16 പേര്‍ സ്‌പോര്‍ട്‌സ് ക്വാട്ട വഴി പ്രവേശിച്ചവരാണ്. മറ്റുള്ളവര്‍ ജില്ലാ പൊലീസ്, ബറ്റാലിയന്‍ യൂണിറ്റ് ടീമുകളുടെ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ചവരാണ്. സന്തോഷ് ട്രോഫി ഉള്‍പ്പെടെയുള്ള അന്തര്‍ സംസ്ഥാന മത്സരങ്ങളില്‍ തങ്ങളുടെ കഴിവ് തെളിയിച്ചവരാണ് ഇവരില്‍ പലരും.

പുതുതായി എത്തിയവരും, 13 വര്‍ഷം തുടര്‍ച്ചയായി കളിക്കുന്നവരും ടീമിലുണ്ട്. കണ്ണൂര്‍ സ്‌പെഷ്യല്‍ പൊലീസ് സീനിയര്‍ സി പി ഒ ആയ സിദ്ദിഖ് കല്യാശ്ശേരിയാണ് ടീമിനെ പരിശീലിപ്പിക്കുന്നത്. കേരള പൊലീസിന് വേണ്ടി നിരവധി ദേശീയ മത്സരങ്ങളില്‍ പ്രതിരോധം തീര്‍ത്തിട്ടുള്ള ഇദ്ദേഹം ഫുട്‌ബോള്‍ കോച്ചിങ്ങിന്റെ ബി ലൈസന്‍സ് നേടിയ പരിശീലകന്‍ കൂടിയാണ്.

കഴിഞ്ഞവര്‍ഷം മധ്യപ്രദേശില്‍ നടന്ന ഓള്‍ ഇന്ത്യ ഇന്‍വിറ്റേഷന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരള പൊലീസ് ജേതാക്കളായപ്പോള്‍ സിദ്ദിഖ് പരിശീലകനായി ടീമിനൊപ്പമുണ്ടായിരുന്നു.
കേരള പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ രണ്ടു സീസണുകളിലും കേരള പൊലീസ് ടീം കാഴ്ചവച്ചത് മികച്ച മത്സരം തന്നെയായിരുന്നു. വരാനിരിക്കുന്ന സ്‌റ്റേറ്റ് ലീഗ്, ഓള്‍ ഇന്ത്യ പൊലീസ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയവയ്ക്കുള്ള തയ്യാറെടുപ്പിലാണിവര്‍.

പരിശീലനമാണ് കാര്യക്ഷമതയുള്ള ഒരു പോലീസ് സേനാംഗത്തെ വാര്‍ത്തെടുക്കുന്നത്. ‘യുധിവിക്രമ’ യെന്നതാണ് എം.എസ്.പിയുടെ ആപ്തവാക്യം. എതു സാഹചര്യത്തിലും പ്രവര്‍ത്തിക്കാന്‍ സേനാംഗത്തെ സജ്ജമാക്കുന്നതാണ് ഈ മുദ്രാവാക്യം. മൃദു: ഭാവേ ദൃഢ കൃത്യേ എന്ന പ്രമാണം ഉയര്‍ത്തിപ്പിടിക്കുന്ന കേരള പോലീസിലേക്ക് പരിശീലനം പൂര്‍ത്തിയാക്കിയ സേനാംഗങ്ങളെ സംഭാവന ചെയ്യുന്നു നിലമ്പൂരിലെ ഈ എം.എസ്.പി ക്യാമ്പ്

(തിരുവനന്തപുരം പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ജേണലിസത്തിലെ പി.ജി.ഡിപ്ലോമാ വിദ്യാര്‍ത്ഥിനിയാണ് സനീറ്റ.എസ്.)

Share post:

Popular

More like this
Related

വയനാട് എൻ എം വിജയന്റെ ആത്മഹത്യ; മുൻകൂർ ജാമ്യം ലഭിച്ച കോൺ​ഗ്രസ് നേതാക്കൾ ചോദ്യം ചെയ്യലിന് ഹാജരാകും

കൽപറ്റ: എൻ.എം.വിജയന്‍റെ ആത്മഹത്യ കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ചോദ്യംചെയ്യലിന്...

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...