ശ്രീലങ്ക: ഇന്ത്യ വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ. സെമിയിൽ ബംഗാദേശിനെ 10 വിക്കറ്റിന് തകർത്താണ് ഇന്ത്യ ഫൈനൽ കളിക്കാനിറങ്ങുന്നത്. ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് വനിതകളെ 20 ഓവറിൽ എട്ടിന് 80 റൺസിന് കൂടാരം കയറ്റിയ ഇന്ത്യ, ഒമ്പത് ഓവറുകൾ ബാക്കിനിൽക്കേ കലാശപ്പോരാട്ടത്തിനുള്ള വഴി തുറന്നു.
അർദ്ധ സെഞ്ചുറി നേടിയ ഓപ്പണർ സ്മൃതി മന്ദാന ഇന്ത്യൻ ജയം എളുപ്പമാക്കി. 39 പന്തുകൾ നേരിട്ട സ്മൃതി ഒരു സിക്സും ഒമ്പത് ഫോറുമടക്കം 55 റൺസുമായി പുറത്താകാതെ നിന്നു. ഷഫാലി വർമ 28 പന്തിൽ നിന്ന് രണ്ട് ബൗണ്ടറിയടക്കം 26 റൺസെടുത്തു. വെള്ളിയാഴ്ച നടക്കുന്ന ശ്രീലങ്ക – പാക്കിസ്ഥാൻ മത്സര വിജയിയെ ഫൈനലിൽ ഇന്ത്യ നേരിടും.
നേരത്തേ മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ രേണുക സിങ്ങിന്റെയും രാധാ യാദവിന്റെയും പ്രകടനമാണ് ബംഗ്ലാദേശ് സ്കോർ 80-ൽ ഒതുക്കിയത്. രേണുക നാല് ഓവറിൽ വെറും 10 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്തപ്പോൾ രാധ 14 റൺസ് വിട്ടുകൊടുത്താണ് മൂന്നു വിക്കറ്റ് സ്വന്തമാക്കിയത്. പൂജ വസ്ത്രാക്കറും ദീപ്തി ശർമയും ഓരോ വിക്കറ്റെടുത്തു.
51 പന്തുകൾ നേരിട്ട് 32 റൺസെടുത്ത ക്യാപ്റ്റൻ നിഗർ സുൽത്താനയാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ. 19 റൺസെടുത്ത ഷോർന അക്തർ മാത്രമാണ് പിന്നീട് ബംഗ്ലാദേശിനായി രണ്ടക്കം കണ്ടത്.