[Photo Courtesy : Ramadan Abed/Reuters]
ഗസ്സ: വെടിനിർത്തൽ ഉടമ്പടിയുമായി യു.എസ് ശക്തമായി മുന്നോട്ടു പോകുന്നതിനിടെ ഗസ്സയിൽ വീണ്ടും ഇസ്രായേൽ ആക്രമണം. ഞായറാഴ്ച പുലർച്ചയുണ്ടായ ബോംബാക്രമണത്തിൽ ഒരു സ്ത്രീയും ആറ് മക്കളും ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു.
ദാർ അൽ ബലാഹിലെ ഒരു വീടിനു മുകളിൽ ബോംബ് പതിച്ചാണ് ഉറങ്ങിക്കിടക്കുകയായിരുന്ന കുടുംബം കൊല്ലപ്പെട്ടത്. ജബലിയയിലെ രണ്ട് അപ്പാർട്ട്മെന്റുകളിലും ഇസ്രായേൽ യുദ്ധവിമാനങ്ങൾ ബോംബിട്ടു. ഒരു സ്ത്രീയും അവരുടെ മകളും ഉൾപ്പെടെ നാലുപേർക്ക് ജീവൻ നഷ്ടമായെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മദ്ധ്യ ഗസ്സയിലെ മറ്റൊരു ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടതായി ഔദ ആശുപത്രി അധികൃതർ പറഞ്ഞു.
ജനവാസ മേഖലയിൽ ഒളിഞ്ഞിരിക്കുന്ന ഹമാസ് പോരാളികളെയും നേതാക്കളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുന്നതെന്നാണ് അധിനിവേശ സേനയുടെ വിശദീകരണം. ഇസ്രായേൽ ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 40,099 കവിഞ്ഞു. 92,609 പേർക്ക് പരിക്കേറ്റു.
അതേസമയം, വെടിനിർത്തൽ ചർച്ചകൾക്കായി തെൽ അവീവിൽ എത്തിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രായേൽ പ്രധാനമന്ത്രിയുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ ഒക്ടോബറിൽ ഏറ്റുമുട്ടൽ തുടങ്ങിയ ശേഷം ബ്ലിങ്കൻ നടത്തുന്ന ഒമ്പതാമത്തെ സന്ദർശനമാണിത്.