[ Photo Courtesy : BCCI /X]
പെര്‍ത്ത്: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തില്‍ 46 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടി ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 150 റണ്‍സിന് പുറത്തായിരുന്നു. പിന്നാലെ ബാറ്റേന്തിയ ഓസ്‌ട്രേലിയക്ക് 104 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 18 ഓവറിൽ 30 റണ്‍സ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയാണ് ഓസ്‌ട്രേലിയയെ തകർത്തിട്ടത്.
79-ല്‍ ഒന്‍പത് വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്നിരുന്ന ഓസ്‌ട്രേലിയയെ പത്താം വിക്കറ്റില്‍ മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും ചേര്‍ന്നാണ് 100 കടത്തിയത്. ടീമിന്റെ ഏറ്റവും വലിയ പാര്‍ട്ണർഷിപ്പും പത്താം വിക്കറ്റിലേതുതന്നെ-25 റണ്‍സ്. നേരത്തേ നാലുവിക്കറ്റുമായി ഹേസല്‍വുഡും രണ്ട് വിക്കറ്റുമായി സ്റ്റാര്‍ക്കും ബൗളിങ്ങിലും തിളങ്ങിയിരുന്നു. 112 പന്തില്‍ 26 റണ്‍സ് നേടിയ സ്റ്റാര്‍ക്കാണ് ടോപ് സ്‌കോറര്‍. ഹേസല്‍വുഡ് 31 പന്തില്‍ ഏഴ് റണ്‍സ് നേടി.
കഴിഞ്ഞ ദിവസം ഏഴിന് 67 എന്ന നിലയില്‍ തകര്‍ന്ന ഓസ്‌ട്രേലിയക്ക് രണ്ടാംദിനം 37 റണ്‍സ്‌കൂടി അധികം ചേര്‍ക്കാനെ കഴിഞ്ഞുള്ളു. അലക്‌സ് കാരിയെ പുറത്താക്കി ബുംറയാണ് രണ്ടാം ദിനവും മുന്നിൽ നിന്ന് നയിച്ചത്. പ്രചോദനമുൾക്കൊണ്ട ഹര്‍ഷിത് റാണ മോശമാക്കിയില്ല. രണ്ട് വിക്കറ്റുകൾ കൂടി നേടിയതോടെ അരങ്ങേറ്റ ഇന്നിംഗ്സിൽ റാണയ്ക്ക് മൂന്ന് വിക്കറ്റ് നേട്ടം. സിറാജ് രണ്ട് വിക്കറ്റ് നേടി. നേരത്തേ , ഇന്ത്യ 150 റണ്‍സിന് പുറത്തായിരുന്നു. 41 റണ്‍സ് നേടിയ നിതീഷ് റെഡ്ഢിയാണ് ഇന്ത്യൻ ടോപ് സ്‌കോറർ