ഒരു പ്രമാണിയുടെയും ഊരമ്മേൽ, ഇന്നോളം ജലീൽ കൂരകെട്ടി താമസിച്ചിട്ടില്ല’- അൻവറിൻ്റെ പരാമർശത്തിന് കടുത്ത ഭാഷയിൽ പ്രതികരിച്ച് കെ ടി ജലീൽ

Date:

മലപ്പുറം : പിവി അൻവറിൻ്റെ പരാമർശങ്ങളോട് ശക്തമായി പ്രതികരിച്ച് കെടി ജലീൽ. താൻ ഒരാളുടെയും കാലിലല്ല നിൽക്കുന്നതെന്നും സ്വന്തം കാലിലേ എന്നും നിന്നിട്ടുള്ളൂവെന്നും കെടി ജലീൽ അൻവറിന് മറുപടിയായി പറഞ്ഞു.

അൻവറിൻ്റെ പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ജലീൽ നൽകിയ മറുപടിയിലാണ് അൻവറിൻ്റെ പരാമർശം വന്നത്. ജലീലിൻ്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.-‘അൻവറുമായി വ്യക്തിബന്ധം നിലനിർത്തുമ്പോഴും അൻവറിൻ്റെ പാർട്ടിയോട് ശക്തമായി വിയോജിക്കുന്നു. പൊതുപ്രവർത്തനം തുടരുമ്പോൾ തന്നെ ഇടതുപക്ഷത്തോടും സിപിഎമ്മിനോടും ചേർന്ന് നിൽക്കും. കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയേയും പാർട്ടിയേയും തള്ളി പറയില്ല. നന്ദി കേട് കാണിക്കില്ല.’

ഇതിന് അൻവർ നടത്തിയ പരാമർശമാണ് ജലീലിനെ ചൊടിപ്പിച്ചത്. ‘ജലീൽ മറ്റുള്ളവരുടെ കാലിലാണ് നിൽക്കുന്നതെന്നും ആരെങ്കിലും ഭീഷണിപ്പെടുത്തിയതുകൊണ്ടാകാം പിൻമാറിയതെന്നുമാണ് പി വി അൻവർ പറഞ്ഞത്

സ്വന്തം നിലപാടും പൊതു പ്രവർത്തന രംഗത്ത് പാലിച്ച സംശുദ്ധിയും അൻവറിനെ ഓർമ്മപ്പെടുത്തിയ ജലീൽ കുറിപ്പിനവസാനിപ്പിക്കുന്നത് ശക്തമായ താക്കീരും നൽകിയാണ്.- “താങ്കൾക്ക് ശരിയെന്ന് തോന്നിയത് താങ്കൾ പറഞ്ഞു. എനിക്ക് ശരിയെന്ന് തോന്നിയത് ഞാൻ പറഞ്ഞു. സമ്പത്തിൻ്റെ കാര്യത്തിൽ മാത്രമേ താങ്കളെക്കാൾ ഞാൻ പിറകിലുള്ളൂ. ഇങ്ങോട്ട് മാന്യതയാണെങ്കിൽ അങ്ങോട്ടും മാന്യത. മറിച്ചാണെങ്കിൽ അങ്ങിനെ….”

കെ ടി ജലീലിൻ്റെ കുറിപ്പിൻ്റെ പൂർണ്ണരൂപം:

മിസ്റ്റർ പി.വി അൻവർ, ആരാൻ്റെ കാലിൽ നിൽക്കേണ്ട ഗതികേട് എനിക്കില്ല.

കെ.ടി ജലീൽ ഒരാളുടെയും കാലിലല്ല നിൽക്കുന്നത്. എന്നും സ്വന്തം കാലിലേ നിന്നിട്ടുള്ളൂ. 2006-ലെ തെരഞ്ഞെടുപ്പ് കാലത്ത് അതിസമ്പന്നനായ മഞ്ഞളാംകുഴി അലി എൻ്റെ തൊട്ട അടുത്ത മണ്ഡലമായ മങ്കടയിലാണ് മൽസരിച്ചത്. ഒരു “വാൾപോസ്റ്റർ” പോലും അദ്ദേഹത്തോട് സംഭാവന ചെയ്യണമെന്ന് ഞാൻ ആവശ്യപ്പെട്ടിട്ടില്ല. 2016-ൽ അബ്ദുറഹിമാനും അൻവറും മൽസരിച്ച ഘട്ടത്തിലും ഒരു സാമ്പത്തിക സഹായം അവരോടും അഭ്യർത്ഥിച്ചിട്ടില്ല. അബ്ദുറഹ്മാനും അൻവറും ലോകസഭയിലേക്ക് പൊന്നാനിയിൽ നിന്ന് മൽസരിച്ച ഘട്ടങ്ങളിൽ, നിരവധി പൊതുയോഗങ്ങളിൽ ഞാൻ തൊണ്ടകീറി പ്രസംഗിച്ചിട്ടുണ്ട്. ആ സന്ദർഭത്തിലും സ്ഥാനാർത്ഥികളിൽ നിന്നോ തെരഞ്ഞെടുപ്പ് കമ്മിറ്റികളിൽ നിന്നോ കാറിന് എണ്ണയടിക്കാനോ വഴിച്ചെലവിനോ ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല. സ്വന്തം കീശയിൽ നിന്ന് ഇല്ലാത്ത കാശെടുത്താണ് യോഗസ്ഥലങ്ങളിൽ ഓടിയെത്തിയത്. ഒരു പ്രമാണിയുടെയും ഊരമ്മേൽ, ഇന്നോളം ജലീൽ കൂരകെട്ടി താമസിച്ചിട്ടില്ല.

സ്വന്തം കുടുംബ സ്വത്ത് പോലും വേണ്ടെന്ന് നേരത്തെ പ്രഖ്യാപിച്ച ഒരാൾക്ക് ആരെപ്പേടിക്കാൻ. ഇനി ഒരു തെരഞ്ഞെടുപ്പ് അങ്കത്തിനില്ലെന്ന് അർത്ഥശങ്കക്കിടയില്ലാത്ത വിധം വെക്തമാക്കിയ ഒരാൾക്ക് നിൽക്കാൻ അപരൻ്റെ കാലുകൾ എന്തിന്? ലീഗിലായിരുന്ന കാലത്ത് സാക്ഷാൽ കുഞ്ഞാലിക്കുട്ടിയെ പേടിച്ചിട്ടില്ല. എന്നിട്ടല്ലേ ഇപ്പോൾ! പിണറായി വിജയനെ പിതൃതുല്യനായി കണ്ടിട്ടുണ്ട്. ഇപ്പോഴും കാണുന്നു. മരണം വരെ അങ്ങിനെത്തന്നെയാകും. അത് ഭയം കൊണ്ടല്ല. സ്നേഹം കൊണ്ടാണ്. വമ്പൻമാരായ നാല് കേന്ദ്ര അന്വേഷണ ഏജൻസികൾ കൊമ്പുകുലുക്കി വേട്ടക്കിറങ്ങി പരിശോധിച്ചിട്ടും എൻ്റെ രോമത്തിൽ തൊടാൻ പറ്റിയിട്ടില്ല. മേൽപ്പോട്ട് നോക്കിയാൽ ആകാശവും കീഴ്പോട്ട് നോക്കിയാൽ ഭൂമിയും മാത്രമുള്ള എനിക്ക് പടച്ച തമ്പുരാനെയും എൻ്റെ ഉപ്പാനെയും ഉമ്മനെയുമല്ലാതെ മറ്റാരെയും ഭയപ്പെടേണ്ട കാര്യമില്ല. തെറ്റ് ചെയ്യുന്നവർക്കല്ലേ നാട്ടുകാരെപ്പോലും പേടിക്കേണ്ടതുള്ളൂ.

താങ്കൾക്ക് ശരിയെന്ന് തോന്നിയത് താങ്കൾ പറഞ്ഞു. എനിക്ക് ശരിയെന്ന് തോന്നിയത് ഞാൻ പറഞ്ഞു. സമ്പത്തിൻ്റെ കാര്യത്തിൽ മാത്രമേ താങ്കളെക്കാൾ ഞാൻ പിറകിലുള്ളൂ. ഇങ്ങോട്ട് മാന്യതയാണെങ്കിൽ അങ്ങോട്ടും മാന്യത. മറിച്ചാണെങ്കിൽ അങ്ങിനെ….

സ്നേഹത്തോടെ
ഡോ:കെ.ടി.ജലീൽ

Jalil reacted harshly to Anwar’s remark.

Share post:

Popular

More like this
Related

ഹണി റോസിനെതിരെ അധിക്ഷേപ പരാമർശം: രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

മലപ്പുറം : നടി ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ...

ക്യാപ്‌സൂളിനുള്ളിൽ  മൊട്ടു സൂചി ; വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രോഗിക്കാണ് ദുരനുഭവം

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയിൽ...

ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്നു; അയൽവാസി പോലീസ് കസ്റ്റഡിയിൽ

കൊച്ചി : എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ്...

‘ഒരു വോട്ടിന് ഒരു ജോഡി ഷൂസും 1001 രൂപയും’: ബിജെപി സ്ഥാനാർത്ഥിക്കെതിരെ കേസ്

ന്യൂഡൽഹി : ബിജെപി സ്ഥാനാർഥി പർവേഷ് വർമയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു....