തൃശൂർ: കനത്തമഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലും വെള്ളക്കെട്ടും സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം താറുമാറാക്കി. മണ്ണിടിച്ചിലിനെ തുടർന്ന് ഷൊർണൂർ-പാലക്കാട് റൂട്ടിൽ ട്രെയിൻ ഗതാഗതം താത്കാലികമായി നിർത്തിവെച്ചതിന് പിന്നാലെ ഷൊർണൂർ -തൃശൂർ റൂട്ടിലും ട്രെയിൻ സർവീസ് നിർത്തിവെച്ചു. അകമലയിൽ റെയിൽവേ ട്രാക്കിലേക്കു വെള്ളം കയറിയതിനെ തുടർന്നാണ് സർവീസ് നിർത്തിവെച്ചത്.
ഇതിനെ തുടർന്ന് എറണാകുളം–കണ്ണൂർ ഇന്റർസിറ്റി തൃശൂരിലും തിരുനെൽവേലി–പാലക്കാട് പാലരുവി എക്സ്പ്രസ് ആലുവയിലും യാത്ര അവസാനിപ്പിച്ചു. തിരുവനന്തപുരം–ഷൊർണൂർ വേണാട് എക്സ്പ്രസ് ചാലക്കുടിയിൽ യാത്ര അവസാനിപ്പിക്കും.
തൃശൂർ–ഷൊർണൂർ പാസഞ്ചറുകൾ പൂർണമായും നിർത്തി. കണ്ണൂർ–തിരുവനന്തപുരം ജനശതാബ്ദി, കണ്ണൂർ–ആലപ്പി, മംഗളൂരു–കന്യാകുമാരി പരശുറാം ട്രെയിനുകൾ ഷൊർണൂർ വരെയും കോട്ടയം –നിലമ്പൂർ എക്സ്പ്രസ് അങ്കമാലി വരെയും തിരുവനന്തപുരം–കോഴിക്കോട് ജനശതാബ്ദി എറണാകുളം വരെയുമായിരിക്കും സർവീസ് നടത്തുക.
9.15ന് പുറപ്പെടേണ്ട എറണാകുളം ബംഗളൂരു ഇന്റർസിറ്റി 12.10 നായിരിക്കും എറണാകുളത്തു നിന്നു പുറപ്പെടുക. 10.30ന് പുറപ്പെടേണ്ട എറണാകുളം നിസാമുദ്ദീൻ മംഗള എക്സ്പ്രസ് ഉച്ചയ്ക്ക് 1.30നും പുറപ്പെടും.