മലയാളി പ്രവാസികള്‍ 22 ലക്ഷം; കഴിഞ്ഞ വര്‍ഷം നാട്ടിലേക്കെത്തിയത് 2.16 ലക്ഷം കോടി രൂപ – കേരള മൈഗ്രേഷന്‍ സര്‍വ്വേ റിപ്പോര്‍ട്ട്

Date:

തിരുവനന്തപുരം: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവാസ ജീവിതം നയിക്കുന്ന മലയാളികളുടെ എണ്ണം 22 ലക്ഷം. 2023 ല്‍ അവർ നാട്ടിലേക്ക് അയച്ചത് 216893 കോടി രൂപ – 2023 ലെ കേരള മൈഗ്രേഷന്‍ സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്ന വിവരങ്ങള്‍ ഇങ്ങനെയാണ്. കുടിയേറ്റത്തിലെ പുതിയ പ്രവണതകള്‍ കേരളത്തിന്റെ ജനസംഖ്യാ ഘടനയിലും സമ്പദ് വ്യവസ്ഥയിലും കാര്യമായ സ്വാധീനം ചെലുത്തുന്നതായും ഇക്കാര്യത്തില്‍ നയപരമായ ഇടപെടലുകള്‍ ആവശ്യമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ ഡോ. ഇരുദയ രാജന്റെ നേതൃത്വത്തില്‍ നടത്തിയ മൈഗ്രേഷന്‍ സര്‍വ്വേ റിപ്പോര്‍ട്ട് ലോക കേരള സഭയുടെ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

കോവിഡ് മഹാമാരിക്കാലത്തുണ്ടായ ഇടിവിനു ശേഷം 2023ല്‍ കേരളത്തിലേക്കെത്തുന്ന ആകെ പ്രവാസി പണത്തില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായതായി റിപ്പോര്‍ട്ട് പറയുന്നു. 2018 ലെ കേരള മൈഗ്രേഷന്‍ സര്‍വേ റിപ്പോര്‍ട്ടില്‍ 85,092 കോടി രൂപയായിരുന്നു നാട്ടിലേക്കെത്തുന്ന ആകെ എന്‍ആര്‍ഐ പണമായി കണ്ടെത്തിയിരുന്നെങ്കില്‍ അഞ്ചു വര്‍ഷത്തിനിപ്പുറം അതില്‍ 154.9 ശതമാനം വര്‍ദ്ധനവ് കാണിക്കുന്നു. പ്രവാസികള്‍ അവരുടെ കേരളത്തിലെ വീടുകളിലേക്ക് അയക്കുന്ന പണത്തിലും ഗണ്യമായ വര്‍ദ്ധന 2023 ല്‍ കാണിക്കുന്നുണ്ട്. 37,058 കോടി രൂപ അയച്ചതായാണു സര്‍വ്വേ. രാജ്യത്തിന്റെ എന്‍ആര്‍ഐ നിക്ഷേപങ്ങളില്‍ 21 ശതമാനം വിഹിതം കേരളത്തിന്റേതാണ്. 2019 മുതല്‍ ഈ കണക്കില്‍ സ്ഥിരത കാണിക്കുന്നുണ്ട്.

നാട്ടിലേക്കുള്ള എന്‍ആര്‍ഐ പണത്തിന്റെ അളവില്‍ വലിയ വര്‍ദ്ധനവുണ്ടെങ്കിലും കേരളത്തില്‍നിന്നുള്ള പ്രവാസികളുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഗണ്യമായ വര്‍ദ്ധനയുണ്ടായിട്ടില്ലെന്നാണു റിപ്പോര്‍ട്ട് പറയുന്നത്. 2018 ല്‍ 21 ലക്ഷമായിരുന്ന പ്രവാസികളുടെ എണ്ണം 2023 ല്‍ 22 ലക്ഷത്തില്‍ എത്തി നില്‍ക്കുന്നു.

വിദ്യാര്‍ത്ഥി കുടിയേറ്റം വന്‍തോതില്‍ വര്‍ദ്ധിച്ചതാണ് പ്രവാസികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാകാതെ തുടരുന്നതെന്ന വസ്തുതയും റിപ്പോര്‍ട്ട് കാണിക്കുന്നു. 2018 ല്‍ 1,29,763 വിദ്യാര്‍ത്ഥി കുടിയേറ്റക്കാരാണുണ്ടായിരുന്നതെങ്കിൽ 2023 ല്‍ എത്തുമ്പോഴേക്കും അത് 2,50,000 ആയി വര്‍ദ്ധിച്ചു. കേരളത്തില്‍നിന്നുള്ള പ്രവാസത്തിന്റെ സ്വഭാവത്തില്‍ വരുന്ന മാറ്റം ചൂണ്ടിക്കാണിക്കുന്നതാണ് ഈ കണക്കെന്നു പറയുന്ന സര്‍വ്വേ റിപ്പോര്‍ട്ട്, 17 വയസിനു മുന്‍പുതന്നെ നാടു വിടുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടാകുന്നതായും ചൂണ്ടിക്കാട്ടുന്നു. വിദേശത്തു പഠിക്കാന്‍ യുവതലമുറ കൂടുതല്‍ താത്പര്യം കാണിക്കുന്നു. കേരളത്തില്‍നിന്നുള്ള മൊത്തം പ്രവാസികളില്‍ 11.3 ശതമാനം പേര്‍ വിദ്യാത്ഥികളാണെന്നും അതേസമയം ആകെ കുടിയേറ്റക്കാരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കില്‍ സംസ്ഥാനത്തെ 14 ജില്ലകളില്‍ ഒമ്പതു ജില്ലകളിലും പ്രവാസികളുടെ എണ്ണം കുറഞ്ഞതായും കാണിക്കുന്നു.
വിദ്യാര്‍ത്ഥി കുടിയേറ്റത്തില്‍ യുകെയാണ് മുന്നില്‍. ആകെ വിദേശ വിദ്യാര്‍ത്ഥികളില്‍ 30 ശതമാനം യുകെയിലാണു പഠിക്കുന്നത്.

വടക്കന്‍ കേരളം മേഖല പ്രവാസത്തിന്റെ കേന്ദ്രബിന്ദുവായി ഇപ്പോഴും തുടരുന്നു. മലപ്പുറം തിരൂര്‍ താലൂക്കാണ് പ്രവാസികളുടെ എണ്ണത്തില്‍ മുന്നില്‍. ഒരു ലക്ഷം പ്രവാസികളാണ് ഇവിടെനിന്നുള്ളത്. ഇടുക്കി ദേവികുളം താലൂക്കാണ് പ്രവാസികളുടെ എണ്ണത്തില്‍ ഏറ്റവും പിന്നില്‍. ഏറ്റവും കൂടുതല്‍ മലയാളി കുടിയേറ്റക്കാരുള്ളത് ഗള്‍ഫ് രാജ്യങ്ങളില്‍തന്നെയാണ്. എങ്കിലും ജിസിസി രാജ്യങ്ങള്‍ തെരഞ്ഞെടുക്കുന്ന പ്രവാസികളുടെ എണ്ണത്തില്‍ 2018 ലെ 89.2 ശതമാനത്തില്‍നിന്ന് 2023 ല്‍ 80.5 ശതമാനത്തിന്റെ ഇടിവു കാണിക്കുന്നുണ്ട്.

സ്ത്രീ കുടിയേറ്റക്കാരുടെ അനുപാതം 2018 ലെ 15.8 ശതമാനത്തില്‍നിന്ന് 2023 ല്‍ 19.1 ശതമാനത്തിന്റെ വര്‍ദ്ധനവാണ് കാണിക്കുന്നത്. സ്ത്രീ പ്രവാസികള്‍ ജിസിസി രാജ്യങ്ങളില്‍നിന്ന് കൂടുതലായി യൂറോപ്പ്, പശ്ചിമ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കു പോകുന്ന പ്രവണതയും ചൂണ്ടികാണിക്കുന്നു.

2023 ല്‍ 18 ലക്ഷം മലയാളികള്‍ നാട്ടിലേക്കു മടങ്ങിയെത്തിയതായാണു റിപ്പോര്‍ട്ട് പറയുന്നത്. 2018 ല്‍ ഇത് 12 ലക്ഷമായിരുന്നു. മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രശ്‌നങ്ങള്‍, കര്‍ശനമായ കുടിയേറ്റ നയങ്ങള്‍ എന്നിവയാണു കാരണം. കോവിഡിനെ തുടര്‍ന്നുണ്ടായ ജോലി നഷ്ടം, നിര്‍ബന്ധിത പിരിച്ചുവിടല്‍ തുടങ്ങിയവയും കാരണമായി. മടങ്ങിയെത്തിയ പ്രവാസികളില്‍ 18.4 ശതമാനം പേര്‍ ജോലി നഷ്ടപ്പെട്ടു നാട്ടിലേക്കെത്തിയവരാണ്. കേരളത്തിലെ കുടിയേറ്റക്കാരില്‍ 76.9 ശതമാനവും തൊഴില്‍ കുടിയേറ്റക്കാരായതിനാല്‍ മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ ഉറപ്പാക്കാനും വിദേശ ജോലിക്കുള്ള നൈപുണ്യ വികസനം സാദ്ധ്യമാക്കാനും ശ്രദ്ധ കേന്ദ്രീകരിക്കണെമന്നു റിപ്പോര്‍ട്ട് പറയുന്നു. മടങ്ങിവരുന്ന പ്രവാസികള്‍ക്കായി സമഗ്ര പുനരധിവാസ നടപടികളും ആവശ്യമാണ്.

വിദ്യാര്‍ത്ഥി കുടിയേറ്റത്തിലുണ്ടാകുന്ന വന്‍ വര്‍ദ്ധനവും സംസ്ഥാനം ശ്രദ്ധിക്കേണ്ട വസ്തുതയാണ്. അഞ്ചു വര്‍ഷത്തിനിടെ വിദേശത്തു പഠിക്കാന്‍ പോകുന്നവരുടെ എണ്ണം ഇരട്ടിയായി. മികച്ച വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം ഭാഷാ പരിശീലന കേന്ദ്രങ്ങളുടേയും വിദേശ റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടേയും പ്രവര്‍ത്തനങ്ങളില്‍ നിരീക്ഷണവും നിയന്ത്രണവും ഉറപ്പാക്കണം. ഈ മേഖലയിലെ തട്ടിപ്പും വഞ്ചനയും ഇല്ലാതാക്കേണ്ടതും അത്യാവശ്യമാണ്. വിദേശത്തുനിന്നു മികച്ച നൈപുണ്യം നേടിയ ശേഷം നാട്ടിലേക്കു മടങ്ങാന്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്ന നയം വികസിപ്പിക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് സ്ഥാപിച്ച മാതൃക പിന്തുടര്‍ന്ന് ഒരു എമിഗ്രേഷന്‍ ഡെവലപ്‌മെന്റ് ബാങ്കിനെക്കുറിച്ചു ചിന്തിക്കണം. പ്രവാസികള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത് കേരളത്തിന്റെ വികസനത്തില്‍ അവരുടെ പങ്കു വര്‍ദ്ധിപ്പിക്കുന്നതാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

Share post:

Popular

More like this
Related

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...

പാർലമെൻ്റ് സമ്മേളനം ജനുവരി 31 മുതൽ; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി : പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ...