ന്യൂഡല്‍ഹി: പാര്‍ലമെന്‍റില്‍ ദിവസങ്ങളായി തുടരുന്ന സ്തംഭനാവസ്ഥ ഒഴിവാക്കാന്‍ ഭരണ-പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ ധാരണ. ചൊവ്വാഴ്ച മുതല്‍ ലോക്‌സഭയും രാജ്യസഭയും സുഗമമായി നടക്കുമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു യോഗത്തിനു ശേഷം പറഞ്ഞു. സ്പീക്കര്‍ ഓം ബിര്‍ലയുടെ മുന്‍കൈയിലായിരുന്നു വിവിധ പാര്‍ട്ടി നേതാക്കളുമായുള്ള കൂടിക്കാഴ്ച.
ഡിസംബര്‍ 13,14 തിയതികളില്‍ രാജ്യസഭയും ഡിസംബര്‍ 16,17 തിയതികളില്‍ ലോക്‌സഭയും ഭരണഘടനയെക്കുറിച്ച് ചര്‍ച്ച നടത്തുമെന്ന് കിരണ്‍ റിജിജു വ്യക്തമാക്കി. ഭരണഘടന നിലവില്‍ വന്നതിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് പാര്‍ലമെന്റിന്റെ ഇരു സഭകളിലും ചര്‍ച്ചകള്‍ വേണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.
(തികളാഴ്ച രാവിലെ ഇന്ത്യാ മുന്നണി നേതാക്കൾ പാർലമെൻ്റ് സമ്മേളനത്തിൻ്റെ വരാനിരിക്കുന്ന ആഴ്‌ചയിൽ ആവിഷ്ക്കരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ നിന്ന് )
തിങ്കളാഴ്ച രാവിലെ സഭാ നടപടികള്‍ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം അദാനി വിഷയവുമായി രംഗത്തെത്തുകയായിരുന്നു. രാവിലെ സഭ സമ്മേളിച്ചപ്പോള്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയാണെന്ന് സ്പീക്കര്‍ ലോക്‌സഭയില്‍ വ്യക്തമാക്കി. രാജ്യസഭയിലും സമാനമായ സാഹചര്യമായിരുന്നു. ഇരു സഭകളും പ്രക്ഷുബ്ധമായതിനെത്തുടര്‍ന്ന് ആദ്യം 12 മണി വരെയും പിന്നീട് ഇന്നത്തേക്കും സഭാ നടപടികള്‍ ഉപേക്ഷിച്ചു. പാര്‍ലമെന്റ് സമ്മേളനം തുടങ്ങി ഒരാഴ്ച പിന്നിട്ടിട്ടും ഒരു ദിവസം പോലും സഭാ നടപടികള്‍ മുറയ്ക്ക് നടക്കാത്തതിൻ്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു പാര്‍ലമെന്ററി കാര്യ മന്ത്രി ഭരണ-പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ചത്.