ലഖ്‌നൗ: ഉത്തര്‍പ്രദേശ് ഹത്രാസില്‍ സത് സംഗിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ 116 പേർ മരിച്ചതായി ജില്ലാ മജിസ്ട്രേറ്റ് ആശിഷ് കുമാർ സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.
മാനവ് മംഗൽ മിലൻ സദ്ഭാവന സംഗമം കമ്മിറ്റി സംഘടിപ്പിച്ച പ്രാര്‍ത്ഥനാ പരിപാടിക്കിടെയാണ് അപകടമുണ്ടായത്. ചടങ്ങിൽ പങ്കെടുക്കാനായി വൻ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. തിരക്ക് കൂടിയതോടെ യോഗത്തിനിടെ ശ്വാസംമുട്ടി പലരും പുറത്തേക്ക് ഇറങ്ങാല്‍ ശ്രമിച്ചു. പുറത്തേക്കുള്ള വഴിക്ക് വീതി കുറവായിരുന്നു.
ഇതിലൂടെ ആളുകള്‍ തിക്കിയിറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. പലരുടെ ബോധരഹിതരായി വീണുവെന്നും ഒന്നിനു മുകളിൽ ഒരോരുത്തരായി വീണാണ് അപകടമുണ്ടായതെന്നും ദൃക്സാക്ഷികൾ പറയുന്നു. പരിധിയില്‍ കൂടുതല്‍ ജനങ്ങള്‍ പരിപാടിക്ക് എത്തിയിരുന്നു എന്നാണ് അധികൃതര്‍ പറയുന്നത്
സ്വകാര്യമായി സംഘടിപ്പിച്ച പരിപാടിക്ക് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിൻ്റെ (എസ്ഡിഎം) അനുമതി ലഭിച്ചിരുന്നു. വിഷയം അന്വേഷിക്കാൻ ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ടെന്നും ആശിഷ്കുമാർ കൂട്ടിച്ചേർത്തു. “പരിക്കേറ്റവർക്കും മരിച്ചവരുടെ ബന്ധുക്കൾക്കും സാദ്ധ്യമായ എല്ലാ സഹായവും നൽകുക എന്നതാണ് ഭരണകൂടത്തിൻ്റെ പ്രാഥമിക ശ്രദ്ധ.”
സ്ത്രീകളുടെയും പുരുഷന്മാരുടേതുമായി നിരവധി
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ഹൗസിൽ എത്തിയതായി ചീഫ് മെഡിക്കൽ ഓഫീസർ (സിഎംഒ) ഇറ്റാഹ് ഉമേഷ് കുമാർ ത്രിപാഠി സ്ഥിരീകരിച്ചു. പരിക്കേറ്റ ഒട്ടേറെ പേരെ ചികിത്സയ്ക്കായി പ്രാദേശിക ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
”സംഭവത്തിൽ അന്വേഷണത്തിന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50000 രൂപ വീതവും മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഭവത്തിൽ അനുശോചനം അറിയിച്ചു.