‘സാമ്പത്തിക അസന്തുലിതാവസ്ഥ പരിഹരിക്കണം, കേരളത്തിന് പ്രത്യേക ​ഗ്രാന്റായി 13,922 കോടി അനുവദിക്കണം’ – ധനകാര്യ കമ്മീഷനോട് കെ എൻ ബാലഗോപാൽ

Date:

തിരുവനന്തപുരം: പതിനാറാം ധനകാര്യ കമ്മീഷൻ റിപ്പോർട്ടിൽ കമ്മീഷന്റെ പരിഗണനാ വിഷയങ്ങളിൽ എന്തെല്ലാം ഉൾപ്പെടണമെന്ന കാര്യത്തിൽ കേരളത്തിന്റെ നിലപാട് കൃത്യമായി ബോദ്ധ്യപ്പെടുത്തിയതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. റിപ്പോർട്ട് തയ്യാറാക്കുന്നതിനായുള്ള ചർച്ചകളുടെ ഭാഗമായി കേരളത്തിലെത്തിയ നീതി ആയോഗ് മുൻ വൈസ് ചെയർമാൻ ഡോ. അരവിന്ദ് പനഗാരിയ ചെയർമാനായ കമ്മീഷന് മുന്നിലാണ് കേരളത്തിന്റെ ആവശ്യങ്ങളും നിലപാടും അറിയിച്ചത്.

വിഭവസമാഹരണ അധികാരങ്ങളിലെയും ചെലവിലെയും അസമത്വം കണക്കിലെടുത്ത്, ഈ സാമ്പത്തിക അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന് ഉതകുന്ന നിർദേശങ്ങൾ കമ്മീഷൻ ശുപാർശകളിൽ ഉൾപ്പെടേണ്ടതുണ്ട്. ഭരണഘടനാ ആർട്ടിക്കിൾ 280 അനുസരിച്ച് ഈ ചുമതല നിർവ്വഹിക്കാനുള്ള അധികാരം ധനകാര്യ കമ്മീഷനുണ്ട്. കേന്ദ്ര നികുതി വരുമാനത്തിന്റെ കേന്ദ്ര-സംസ്ഥാന വിഹിത വിഭജനത്തിലെ അസമത്വം കേരളം കമ്മീഷൻ മുമ്പാകെ ചൂണ്ടിക്കാട്ടി. പതിനാലാം ധന കമ്മീഷൻ ശുപാർശ പ്രകാരം സംസ്ഥാനങ്ങൾക്ക് അനുവദിച്ച കേന്ദ്ര നികുതി വിഹിതത്തിൽ വലിയ കുറവുണ്ടായി. നികുതിക്കു പകരമായി കേന്ദ്ര സർക്കാർ വലിയതോതിൽ സെസും സർചാർജും സമാഹരിക്കാൻ തുടങ്ങി. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കേന്ദ്ര വിഹിതം 75 ശതമാനത്തിൽനിന്ന് 60 ശതമാനത്തിലേക്ക് ചുരുക്കി. ജിഎസ്ടിയിലൂടെ സംസ്ഥാനങ്ങൾ സമാഹരിക്കുന്ന നികുതിയുടെ പകുതി കേന്ദ്രത്തിന് അവകാശപ്പെട്ടതാക്കി. ഇതെല്ലാം സംസ്ഥാനങ്ങൾക്ക് വലിയ വരുമാന നഷ്ടം വരുത്തുന്നു. ഇതുകൂടി പരിഹരിക്കാൻ വിഭജിക്കാവുന്ന കേന്ദ്ര നികുതിയുടെ 50 ശതമാനം സംസ്ഥാനങ്ങൾക്കായി നീക്കിവയ്ക്കണമെന്നാണ് നമ്മൾ ആവശ്യപ്പെട്ടത്. പതിനഞ്ചാം ധനകാര്യ കമീഷൻ ശുപാർശ 41 ശതമാനമായിരുന്നു.
പൊതുമേഖലാ കമ്പനികളുടെ ലാഭ വിഹിതം, സ്പെക്ട്രം വിൽപന, റിസർവ് ബാങ്കിന്റെ ലാഭവിഹിതം, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ തുടങ്ങിയവയിലൂടെ വർഷംതോറും കേന്ദ്രത്തിന് ലഭിക്കുന്ന നികുതിയതര വരുമാനവും സംസ്ഥാനങ്ങളുമായി വിഭജിക്കേണ്ട ധന വിഭവങ്ങളിൽ ഉൾപ്പെടുത്തണം. ഇതിനാവശ്യമായ ഭരണഘടനാ ഭേദഗതി അടിയന്തിരമായി നടത്തണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണമെന്നും മെമ്മോറാണ്ടത്തിൽ നിർദ്ദേശിച്ചു.

തുല്യതയും നീതിയും അടിസ്ഥാനമാക്കിയും, ജനസംഖ്യാ നിയന്ത്രണ പ്രവർത്തനങ്ങളിലെ നേട്ടം പ്രകടമാകുന്നതുമാകണം തിരശ്ചീന വിഹിത കൈമാറ്റ മാർഗ്ഗനിർദ്ദേശങ്ങളുടെ കാതൽ എന്ന് നിവേദനത്തിൽ ചൂണ്ടികാണിക്കുന്നു. ഓരോ സംസ്ഥാനത്തിന്റെയും വ്യത്യസ്ത സാചര്യങ്ങൾ ഇക്കാര്യത്തിൽ പരിഗണിക്കണം. ആർട്ടിക്കിൾ 275 പ്രകാരം ഗ്രാന്റുകൾ അനുവദിക്കുമ്പോൾ വലിയതോതിൽ റവന്യു നഷ്ടം ഉണ്ടാകുന്ന സംസ്ഥാനങ്ങൾക്ക് അത് പരിഹരിക്കുന്നതിന് മതിയായ റവന്യു കമ്മി ഗ്രാന്റ് അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.

2011 ലെ ജനസംഖ്യ മാനദണ്ഡമാക്കിയ പതിനഞ്ചാം ധനകാര്യ കമീഷൻ സമീപനം കേരളത്തിന് വലിയ വരുമാന നഷ്ടമുണ്ടാക്കിയിരുന്നു. ദേശീയ ജനസംഖ്യാ നിയന്ത്രണ പദ്ധതി ഏറ്റവും കാര്യക്ഷമമായി നടപ്പാക്കിയതിന് കേരളത്തെ ശിക്ഷിക്കുകയാണ് ചെയ്തത്. കേന്ദ്ര സർക്കാരിന്റെ വരുമാനത്തിന്റെ ഒരു നിശ്ചിതഭാഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുമാത്രമായി നീക്കിവയ്ക്കുന്നുവെന്ന് ഉറപ്പുവരുത്തണം. അതിവേഗ നഗരവത്കരണം സവിശേഷ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു. അതിനാൽതന്നെ ധനവിഭവ വിഭജന മാനദണ്ഡങ്ങളിൽ ജനസാന്ദ്രതയ്ക്കും ഭൂവിസ്തൃതിയ്ക്കുമൊപ്പം നഗരവത്കരണത്തിനും വെയിറ്റേജ് നൽകണം.

പ്രകൃതി ദുരന്തങ്ങളുടെ ആഘാതം വലിയതോതിലാണ് കേരളത്തെ ബാധിക്കുന്നത്. ഇതുമൂലം അടിയന്തിര ദുരിത പ്രതികരണ പ്രവർത്തനങ്ങളുടെ ചെലവ് കുതിച്ചുയരുന്നു. ഇതെല്ലാം പരിഗണിച്ച് കേരളത്തിന്റെ സംസ്ഥാന ദുരിതാശ്വാസ നിധിയിലേക്കുള്ള കേന്ദ്ര വിഹിതം നൂറ് ശതമാനം ഉയർത്തണം. സംസ്ഥാനം നേരിടുന്ന തീര ശോഷണം, മണ്ണിടിച്ചിൽ, അതീതീവ്ര മഴ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിച്ച് സംസ്ഥാന ദുരിതാശ്വാസ നിധിയിലേക്ക് പ്രത്യേക ഗ്രാന്റായി 13,922 കോടി രൂപ അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.

ദൈർഘ്യമേറിയ തീരദേശം, ജനസാന്ദ്രത, വിസ്തൃത വനമേഖല, തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന മനുഷ്യ–മൃഗ സംഘർഷം, സംസ്ഥാനത്തിന് അകത്തേക്കും പുറത്തേയ്ക്കുമുള്ള തൊഴിൽപരമായ കുടിയേറ്റം, മുതിർന്ന പൗരൻമാരുടെ എണ്ണത്തിലുണ്ടാകുന്ന വർധന തുടങ്ങിയ ഘടകങ്ങൾ സംസ്ഥാനത്തിന്റെ പൊതുചെലവ് ഉയർത്തുന്നു. കേരളത്തിലെ 30 ശതമാനം ജനങ്ങൾ തീദേശത്താണ് താമസിക്കുന്നത്. 586 കിലോമീറ്റർ വരുന്ന തീരദേശത്തെ 360 കിലോമീറ്ററും തീരശോഷണ ഭീഷണി നേരിടുന്നു. കാലാവസ്ഥ വ്യതിയാനം മൂലം കടൽ നിരപ്പ് ഉയരുന്നത് മറ്റൊരു വെല്ലുവിളിയാണ്. ഇതെല്ലാം സംസ്ഥാനത്തിന്റെ റവന്യുച്ചെലവ് വലിയതോതിൽ ഉയർത്തുന്നു. മുതിർന്ന പൗരൻമാർക്ക് സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതികൾക്കും ആവശ്യത്തിന് പണം ലഭ്യമാക്കാൻ കഴിയാത്ത സ്ഥിതിയിലാണ് സംസ്ഥാനം. ഇതെല്ലാം പരിഗണിച്ച് മേഖലകൾ തിരിച്ചും സംസ്ഥാനത്തിന്റെ സവിശേഷമായ പ്രശ്നങ്ങൾ പരിഗണിച്ചും പ്രത്യേക ഉപാധിരഹിത ഗ്രാന്റുകൾ ലഭ്യമാക്കണം.

പാർലമെന്റും സംസ്ഥാന നിയമസഭകളും പാസാക്കിയ ധനഉത്തരവാദിത്ത നിയമത്തിലെ വ്യവസ്ഥകൾക്ക് അതീതമായി, സംസ്ഥാനത്തിന്റെ കടമെടുപ്പ് അവകാശങ്ങളിൽ കേന്ദ്ര സർക്കാർ നടത്തുന്ന കൈകടത്തലുകളും നിവേദനത്തിൽ വിവരിച്ചിട്ടുണ്ട്. ഇത്തരത്തിൽ കേരളത്തിന്റെ പ്രത്യേകതകൾ ചൂണ്ടിക്കാണിച്ചാണ് ധനകാര്യ കമ്മീഷനു മുമ്പിൽ കേരളം കാര്യങ്ങൾ അവതരിപ്പിച്ചത്. നികുതി വിഹിതം സംസ്ഥാനങ്ങൾക്ക് വിഭജിച്ചു നൽകുന്നതിലെ അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള നിർദേശങ്ങളും, ഗ്രാൻറുകൾ യഥാസമയം ലഭ്യമാക്കാനുള്ള നടപടികൾ സംബന്ധിച്ചും ധനകാര്യകമ്മീഷനെ ബോധ്യപ്പെടുത്താൻ കഴിഞ്ഞുവെന്നാണ് വിശ്വാസമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. അർഹമായ പരിഗണന കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.

Share post:

Popular

More like this
Related

ഹണി റോസിനെതിരെ അധിക്ഷേപ പരാമർശം: രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

മലപ്പുറം : നടി ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ...

ക്യാപ്‌സൂളിനുള്ളിൽ  മൊട്ടു സൂചി ; വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രോഗിക്കാണ് ദുരനുഭവം

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയിൽ...

ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്നു; അയൽവാസി പോലീസ് കസ്റ്റഡിയിൽ

കൊച്ചി : എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ്...

‘ഒരു വോട്ടിന് ഒരു ജോഡി ഷൂസും 1001 രൂപയും’: ബിജെപി സ്ഥാനാർത്ഥിക്കെതിരെ കേസ്

ന്യൂഡൽഹി : ബിജെപി സ്ഥാനാർഥി പർവേഷ് വർമയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു....