ന്യൂഡൽഹി : പ്രകൃതി ദുരന്തങ്ങളില്‍ ദുരിതമനുഭവിക്കുന്ന സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര സഹായധനം അനുവദിച്ചപ്പോൾ കേരളത്തിന് ലഭിച്ചത് 145.60 കോടി രൂപ. മഹാരാഷ്ട്രയ്ക്ക് 1492 കോടി, ആന്ധ്രയ്ക്ക് 1032 കോടി, അസമിന് 716 കോടി, ബിഹാറിന് 655 കോടി എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങൾക്ക് അനുവദിച്ചത്. 14 സംസ്ഥാനങ്ങള്‍ക്കായി ആകെ അനുവദിച്ചത് 5858.60 കോടി. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ കേന്ദ്ര വിഹിതമാണ് അനുവദിച്ചത്.
കഴിഞ്ഞ ദിവസം 675 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചുള്ള പട്ടികയില്‍ കേരളത്തിന്റെ പേരുണ്ടായിരുന്നില്ല. ഗുജറാത്ത്, മണിപ്പുര്‍, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം ധനസഹായം പ്രഖ്യാപിച്ചത്. ഗുജറാത്തിന് 600 കോടി രൂപയും മണിപ്പുരിന് 50 കോടി രൂപയും ത്രിപുരയ്ക്ക് 25 കോടിയുമാണ് പ്രഖ്യാപിച്ചത്.
അസം, മിസോറം, കേരള, ത്രിപുര, നാഗാലാൻഡ്, ഗുജറാത്ത്, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് ഇത്തവണ ശക്തമായ മഴയും മണ്ണിടിച്ചിലും മൂലം പ്രളയക്കെടുതി നേരിട്ടത്. കേരളത്തിന് സഹായം അനുവദിക്കുന്നില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് ഒന്നു കൂടി അടിവരയിടുന്നതായി ഈ പ്രളയസഹായ പ്രഖ്യാപനം.