വാഷിങ്ടൺ : ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ ജനങ്ങളെ വോട്ട് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന ബോധവത്കരണ പരിപാടികൾക്കായി യുഎസ് നൽകിവരുന്ന 21 മില്യൻ ഡോളറിന്റെ (2.1 കോടി ഡോളർ) സഹായം നിർത്തലാക്കി. ഇലോൺ മസ്ക് നേതൃത്വത്തിലുള്ള ഡോജിന്റെ (ഡിപ്പാർട്മെന്റ് ഓഫ് ഗവേൺമെന്റ് എഫിഷ്യൻസി) തീരുമാനപ്രകാരമാണു നടപടി. ഇന്ത്യ, ബംഗ്ലദേശ്, മൊസാംബിക് തുടങ്ങിയ രാജ്യങ്ങളിലെ വിവിധ പദ്ധതികൾക്കായി യുഎസ് നൽകിവരുന്ന സഹായത്തിൽ വരുത്തുന്ന വ്യാപകമായ വെട്ടിക്കുറയ്ക്കലിൻ്റെ ഭാഗമാണ് തീരുമാനം.
“യുഎസിലെ നികുതിദായകന്റെ പണം താഴെപ്പറയുന്ന കാര്യങ്ങൾക്കു ചെലവഴിച്ചിരുന്നു. ഇവയെല്ലാം റദ്ദാക്കിയിരിക്കുകയാണ്.” – ഡോജിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണു തീരുമാനം പുറത്തുവിട്ടിരിക്കുന്നത്. ചെലവു കുറച്ചില്ലെങ്കിൽ അമേരിക്ക പാപ്പരാകുമെന്ന് മസ്ക് നിരന്തരം പറയുന്നുണ്ട്. ഇന്ത്യയിലെ ജനങ്ങളെ വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്നതിനുവേണ്ടിയാണ് 21 മില്യൻ ചെലവഴിച്ചിരുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച കഴിഞ്ഞ് ദിവസങ്ങൾ ശേഷിക്കെയാണ് തീരുമാനം പുറത്തു വന്നത്. വിവിധ മേഖലകളിൽ ഇന്ത്യ – യുഎസ് ബന്ധം ശക്തിപ്പെടുത്താനുള്ള കാര്യങ്ങളാണ് ചർച്ച ചെയ്തതെന്ന വിവരങ്ങൾ പുറത്തുവിട്ടപ്പോഴും ഇത്തരം ഫണ്ട് റദ്ദാക്കുന്ന കാര്യം ഔദ്യോഗിക വാർത്താക്കുറിപ്പുകളിലോ മാധ്യമസമ്മേളനങ്ങളിലോ വെളിപ്പെടുത്തിയിട്ടില്ലെന്നതും ശ്രദ്ധേയം.