ന്യൂയോർക്ക്: അധികാരത്തിലേറിയ ആദ്യ നൂറു ദിവസത്തിനുള്ളിൽ തന്നെ അനധികൃത കുടിയേറ്റക്കാരെ തിരിച്ചയ്ക്കുമെന്നുള്ള ഡോണൾഡ് ട്രംപിന്‍റെ നിലപാടിൽ ആശങ്കയറിയിച്ച് ഇന്ത്യ. തിരിച്ചയ്ക്കാനുള്ള കുടിയേറ്റക്കാരുടെ പട്ടികയിൽ 20,000 ഇന്ത്യക്കാരും ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
ഇത്രയും ഇന്ത്യക്കാരെ ഒന്നിച്ച് തിരിച്ചയ്ക്കാൻ അമേരിക്ക തീരുമാനിച്ചാൽ കേന്ദ്രസർക്കാരിന് അത് വെല്ലുവിളിയായേക്കും. ഇരു രാജ്യങ്ങളും പരസ്പരം ചർച്ച നടത്തി മാത്രമേ ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളാവൂ എന്നൊരാവശ്യം ഇന്ത്യ അമേരിക്കക്ക് മുന്നിൽ വെച്ചതായാണ് സൂചന. ബ്രിക്സ് രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ തീരുവ ഇരട്ടിയാക്കാനുള്ള എന്ന ട്രംപിന്‍റെ നടപടിയും ഇന്ത്യ അതൃപ്തിയോടെയാണ് കാണുന്നത്. കാലാവസ്ഥ വ്യതിയാനം നേരിടാനുള്ള പാരീസ് ഉടമ്പടിയിയൽ നരേന്ദ്ര മോദി വഹിച്ച പങ്ക് കേന്ദ്ര സർക്കാർ എന്നും പ്രചാരണായുധമാക്കിയിരുന്നു. ആ ഉടമ്പടിയിൽ നിന്ന് ട്രംപ് പിൻമാറിയതും ഭാവിയിൽ ഇന്ത്യ – അമേരിക്ക ബന്ധത്തിൽ
അലോസരമുണ്ടാക്കിയേക്കും.