ജമ്മു കാശ്മീർ : ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മൂന്ന് പേർ മരണപ്പെട്ടു. ഒരാളെ കാണാതായി. നിരവധി പേരെ രക്ഷപ്പെടുത്തി. റംബാൻ ജില്ലയിലെ ചെനാബ് നദിക്കടുത്തുള്ള ധരംകുണ്ഡ് ഗ്രാമത്തിലാണ് സംഭവം. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ആലിപ്പഴ വർഷത്തിലും പെട്ട് വലിയ ദുരന്തമാണ് ദേശവാസികൾക്കുണ്ടായിട്ടുള്ളത്. വീട് നഷ്ടപ്പെട്ട ഡസൻ കണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
ഇടതടവില്ലാതെ പെയ്ത മഴയെത്തുടർന്ന് അടുത്തുള്ള ഒരു ജില്ലയിലെ ജലനിരപ്പ് ഗണ്യമായി ഉയർന്നതായും ഇത് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമായതായും ചെനാബ് പാലത്തിനടുത്തുള്ള ധരംകുണ്ഡ് ഗ്രാമത്തിലേക്ക് ഇത് ഇരച്ചെത്തിയതായും പ്രാദേശിക അധികാരികൾ പറയുന്നു.
പത്ത് വീടുകൾ പൂർണ്ണമായും തകർന്നു. 25 മുതൽ 30 വരെ വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. ധരംകുണ്ഡ് പോലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും വേഗത്തിലുള്ള ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. ദുരിതബാധിത പ്രദേശത്ത് കുടുങ്ങിക്കിടക്കുന്ന ഏകദേശം 90 മുതൽ 100 വരെ ആളുകളെ സുരക്ഷിതമായി ഒഴിപ്പിക്കാൻ സാധിച്ചു.
ഗ്രാമത്തിന്റെ പല ഭാഗങ്ങളിലും വെള്ളം ഉയരുന്നത് തുടരുന്നതിനാൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള അനവധി താമസക്കാരെ രക്ഷാപ്രവർത്തകർ സുരക്ഷിത സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി സമയബന്ധിതവും കാര്യക്ഷമവുമായ ഇടപെട്ടതിന് ജില്ലാ ഭരണകൂടത്തെ അഭിനന്ദിച്ചു.
“റമ്പാൻ മേഖലയിൽ രാത്രി മുഴുവൻ കനത്ത ആലിപ്പഴ വർഷവും, ഒന്നിലധികം മണ്ണിടിച്ചിലുകളും വേഗതയേറിയ കാറ്റും ഉണ്ടായി. ദേശീയപാത തടസ്സപ്പെട്ടു. നിർഭാഗ്യവശാൽ, മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി കുടുംബങ്ങൾക്ക് സ്വത്ത് നഷ്ടപ്പെടുകയും ചെയ്തു,” സിംഗ് പ്രസ്താവനയിൽ പറഞ്ഞു.
ഡെപ്യൂട്ടി കമ്മീഷണർ ബസീർ-ഉൽ-ഹഖ് ചൗധരിയുമായി താൻ നിരന്തരം ബന്ധപ്പെട്ട് വരികയാണെന്നും ദുരിതബാധിത കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം ഉൾപ്പെടെ ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
“ആവശ്യമെങ്കിൽ കൂടുതൽ ആവശ്യമുള്ളത് എന്റെ സ്വകാര്യ വിഭവങ്ങളിൽ നിന്നും നൽകാം. പരിഭ്രാന്തരാകരുത് എന്നാണ് എന്റെ അഭ്യർത്ഥന – നാമെല്ലാവരും ഒരുമിച്ച് ഈ പ്രകൃതി ദുരന്തത്തെ മറികടക്കും,” മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
റമ്പാനിലുടനീളമുണ്ടായ നാശനഷ്ടങ്ങളുടെ ദൃശ്യങ്ങൾ ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്. മണ്ണിടിച്ചിലിൽ തകർന്ന വീടുകളും വെള്ളപ്പൊക്കത്തിൽ അവിടവിടെയായി കുടുങ്ങിക്കിടക്കുന്ന വാഹനങ്ങളുടെയും ദൃശ്യങ്ങൾ ദുരന്തത്തിൻ്റെ വ്യാപ്തി വിളിച്ചറിയിക്കുന്നതാണ്.